ദുബൈ ഹാർബറിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം ഉദ്ഘാടനം
ചെയ്യാനെത്തിയ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശന മേളയായ ജൈടെക്സിന്റെ 45ാമത് പതിപ്പിന് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാവും. ഇത്തവണ 180 രാജ്യങ്ങളിൽ നിന്നായി 6800 പ്രദർശകർ, 2000 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. കൂടാതെ സർക്കാർ സംരംഭങ്ങൾ, വിദഗ്ധർ, ഗവേഷകർ എന്നിവരും മേളയുടെ ഭാഗമാകും.
കേരളത്തിന്റെ സ്റ്റാർട്ടപ് മിഷൻ ഇത്തവണയും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് സന്ദർശന സമയം. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ സാങ്കേതിക വിദ്യ രംഗത്തെ ലോകപ്രശസ്തരായ കമ്പനികൾ ഏറ്റവും പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കും. അതോടൊപ്പം പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാർ, സ്ഥാപകർ, സ്റ്റാർട്ടപ് സംരംഭകർ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ സെഷനുകളും സംവേദനാത്മക ചർച്ചകളും മേളയുടെ ഭാഗമായി നടക്കും.
ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡ്, യു.എ.ഇ വിദേശകാര്യ മന്ത്രാലയം, ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ് തുടങ്ങി 400ലധികം സർക്കാർ സംവിധാനങ്ങളും മന്ത്രാലയങ്ങളും മേളയിൽ വിവിധ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന സന്ദർശകർക്കായി പാർക്കിൻ വേരിയബ്ൾ പാർക്കിങ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിന് 25 ദിർഹമാണ് നിരക്ക്.
അതേസമയം, മേളയുടെ ഭാഗമായി ദുബൈ ഹാർബറിൽ സംഘടിപ്പിക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം 10ാമത് എഡിഷൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ദുബൈയിയുടെ പ്രതിബദ്ധതയുടെ തിളക്കമാർന്ന ഉദാഹരണമാണ് എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ ശ്രദ്ധേയമായ വളർച്ചയെന്ന് ശൈഖ് മൻസൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.