ദുബൈ: പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാർക്ക് സമ്മാനവുമായി ആർ.ടി.എ. മികച്ച ബസ്, ടാക്സി ഡ്രൈവർമാർക്കാണ് ലോയൽറ്റി പോയന്‍റുകൾ നൽകുന്നത്. വർഷത്തിന്‍റെ നാല് പാദങ്ങളിലും സമ്മാനം നൽകാനാണ് ആർ.ടി.എയുടെ തീരുമാനം. ആർ.ടി.എ ലോയൽറ്റി പ്രോഗ്രാമിന്‍റെ ഭാഗമായാണ് പദ്ധതി. ഓരോ പാദങ്ങളിലും മികച്ച പ്രകടനം നടത്തുന്ന 200 ഡ്രൈവർമാരെയാണ് തിരഞ്ഞെടുക്കുന്നത്.
രണ്ട് ലെവലുകളായി തിരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നാം ലെവലിൽ 20 ബസ് ഡ്രൈവർമാരെയും 80 ടാക്സി ഡ്രൈവർമാരെയും ഉൾപ്പെടുത്തും. ഇവർക്ക് 10,000 ലോയൽറ്റി പോയന്‍റുകളാണ് സമ്മാനമായി നൽകുന്നത്. ഇതുപയോഗിച്ച് റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്നും മറ്റ് കമ്പനികളിൽനിന്നും പ്രത്യേക ഓഫറിൽ സാധനങ്ങൾ വാങ്ങാം. രണ്ടാം ലെവലിലും 20 ബസ് ഡ്രൈവർമാരെയും 80 ടാക്സി ഡ്രൈവർമാരെയുമാണ് ഉൾപ്പെടുത്തുന്നത്. ഇവർക്ക് 5000 ലോയൽറ്റി പോയന്‍റ് സമ്മാനമായി നൽകും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയായിരിക്കും ഡ്രൈവർമാരെ തിരഞ്ഞെടുക്കുക.
അടുത്തവർഷം ലിമോ, റെന്‍റ് കോച്ച്, സ്കൂൾ ബസ് ഡ്രൈവർമാരെയും പരിഗണിക്കും. ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഉപഭോക്താക്കളുടെ സംതൃപ്തി നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.