കവി സച്ചിദാനന്ദൻ ഷാർജ പുസ്തകോത്സവത്തിൽ സംസാരിക്കുന്നു
ഷാര്‍ജ: ഇടതുപക്ഷം കൂടി ഹിന്ദുത്വത്തിലേക്ക് നീങ്ങിയാൽ പ്രതീക്ഷയില്ലാതാകുമെന്നത് കൊണ്ടാണ് പി.എം ശ്രീയിൽ ഒപ്പിട്ടതിനെ തുറന്ന് എതിർത്തതെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ. സച്ചിദാനന്ദൻ. പണത്തിന് വേണ്ടി എന്തിനാണ് ഇടതുപക്ഷം സന്ധിചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. മരണം വരെ താന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പറഞ്ഞു. എതിർപ്പുകൾ തുറന്നുപറയുമെന്ന് മുൻകൂട്ടി പറഞ്ഞാണ് താൻ സാഹിത്യ അക്കാദമി പ്രസിഡന്‍റായത്.
സര്‍ക്കാറില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയും. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്‍റ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്‍റാക്കരുതായിരുന്നു. താന്‍ പറയുന്നത് പലതും പാര്‍ട്ടിക്ക് വിരുദ്ധമാകാം. അടിസ്ഥാനപരമായി താന്‍ വലതുപക്ഷ ആശയങ്ങള്‍ക്കും, ഹിന്ദുത്വ ഇന്ത്യ എന്ന സങ്കല്‍പത്തിനും എതിരായിരുന്നു. മരിക്കുന്നതുവരെ എതിരായിരിക്കും.
ഇടതുപക്ഷം കൂടി ആ നിലപാടിലേക്ക് നീങ്ങിയാല്‍ നമ്മുടെ പ്രതീക്ഷകള്‍ മങ്ങും. അതുകൊണ്ടാണ് സര്‍ക്കാറിനെതിരെ പലപ്പോഴും ചോദ്യം ചെയ്യേണ്ടിവരുന്നത്. ഭരണപക്ഷം പ്രതീക്ഷിക്കുന്ന പോലെ പെരുമാറാന്‍ പറ്റിയെന്ന് വരില്ല. സാഹിത്യ അക്കാദമി പ്രസിഡന്‍റായിരിക്കണമെന്ന് ഒരു ആഗ്രഹവുമില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. എഴുത്തുകാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിറകില്‍ മറ്റൊരു ശക്തിയുണ്ടെന്ന വിധത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.