ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന്
ഷാർജ: ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്നുമുള്ള അക്ഷര പ്രേമികളും പ്രമുഖ പുസ്തക പ്രസാധകരും സാഹിത്യകാരന്മാരും ഒരുമിച്ചുകൂടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 44ാമത് എഡിഷന് ഷാർജ എക്സ്പോ സെന്ററിൽ പ്രൗഢ ഗംഭീര തുടക്കം. ഇനിയുള്ള 12 ദിവസങ്ങൾ സാംസ്കാരിക തലസ്ഥാനത്ത് പുസ്തകങ്ങളുടെ നറുമണം നിറയും. ബുധനാഴ്ച യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു.
ഈ മാസം 16 വരെ നീളുന്ന മേളയിൽ 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിൽനിന്ന് നൂറോളം പ്രസാധകരും മേളയുടെ ഭാഗമാണ്. മലയാളികളുടേത് ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനത്തിനും പുസ്തകമേള വേദിയാകും.
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇത്തവണ കേരളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ്കുമാറും അതിഥികളാണ്. ആദ്യദിനം തന്നെ റൈറ്റേഴ്സ് ഫോറം യുവ എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങളുമായി സജീവമായിട്ടുണ്ട്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന പ്രമേയം മുന്നോട്ടുവെക്കുന്ന മേളയിൽ സാഹിത്യ കുതുകികളുടെ ഹൃദയം നിറക്കുന്ന അനേകം പുസ്തകങ്ങൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. കെട്ടിലും മട്ടിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പ്രകടമാണ്.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എ.ഐ ഉൾപ്പെടെ പുത്തൻ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുള്ള പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരെ പരിചയപ്പെടാനും സംവദിക്കാനുമുള്ള മികച്ച വേദികൂടിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. ഇത്തവണത്തെ അതിഥി രാജ്യമായ ഗ്രീസിന്റെ പവിലിയനുകളും വേറിട്ടുനിൽക്കുന്നു.
66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. വിൽസ്മിത്ത് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ എത്തുന്നുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. കുക്കറി കോർണറിൽ ലോകമെമ്പാടുമുള്ള 14 ഷെഫുമാർ നേതൃത്വം നൽകുന്ന 35 തത്സമയ കുക്കറി ഷോ വിവിധ സമയങ്ങളിലായി അരങ്ങേറും. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 വരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.