ക്വീൻ ലോഞ്ച് പെണ്ണിടം ഗ്രൂപ് അംഗങ്ങൾ വിഷുപ്പാട്ട് അവതരിപ്പിക്കുന്നു
ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മലയാളികൾ സ്വരമാധുരിയുമായി വെർച്വൽ ലോകത്ത് ഒത്തുചേർന്ന് ഒരുക്കിയത് പാട്ടിെൻറ വിഷുക്കൈനീട്ടം. ക്വീൻസ് ലോഞ്ച് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മറുനാടൻ മലയാളി വനിതകൾ ചേർന്ന് വിഷുപ്പാട്ടിെൻറ ആരവം തീർത്തത്. മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന 'ചെത്തിമന്ദാരം തുളസിയിൽ' തുടങ്ങി പൊന്നിൻ മേടത്തിലെ കൊന്നപ്പൂക്കണിയുൾപ്പെടെ സംഘം ചേർന്നുള്ള വശ്യമായ ആലാപനം ശ്രോതാക്കളുടെ മനം കവർന്നു.
സമൃദ്ധിയുടെ വിഷുക്കാലവും നാട്ടുനന്മകളും ലോകത്തിെൻറ ഏതു ഭാഗത്തായാലും മലയാളികൾക്ക് ഗൃഹാതുരത്വം പകരുന്ന ഓർമകളാണെന്ന് വിഷുപ്പാട്ടുകളിലൂടെ പറഞ്ഞുവെക്കുകയായിരുന്നു ക്വീൻസ് ലോഞ്ചിലെ പെൺകൂട്ടം. വിവിധ രാജ്യങ്ങളിലായി കഴിയുന്ന മലയാളി പ്രവാസിസമൂഹത്തിന് സമർപ്പിച്ച ആലാപനത്തിൽ അമേരിക്ക, ഇറ്റലി, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള പാട്ടുകാർ മലയാളക്കരയിലുള്ളവരൊപ്പം പങ്കാളികളായി.
അമേരിക്കയിലെ ബോസ്റ്റണിൽനിന്ന് ഫെമി ജോസും ടെക്സാസിൽനിന്ന് ലീന ജോൺസും മലയാളത്തിെൻറ പ്രിയ പാട്ടുകളുമായി ചേർന്നപ്പോൾ സൗമ്യ ലിജു ഇറ്റലിയിൽനിന്നും സരിഗ കൃഷ്ണ സിംഗപ്പൂരിൽനിന്നും പങ്കാളികളായി. കേരളത്തിൽനിന്ന് ശാന്തി രാജേഷ്, പ്രീത വടക്കീട്ടിൽ, മീര ജയകുമാർ എന്നിവരും ചെന്നൈയിൽനിന്ന് ട്വിങ്കിൽ ബാബുവും വെർച്വൽ ലോകത്തെ വിസ്മയിപ്പിച്ച പാട്ടിെൻറ വിഷുക്കൈനീട്ടത്തിൽ കണ്ണിചേർന്നു. റെക്കോർഡ് ചെയ്ത വരികൾ നന്ദഗോപനാണ് സൗണ്ട് മിക്സിങ് നിർവഹിച്ച് ഗാനങ്ങളാക്കി മാറ്റിയത്. സരിഗകൃഷ്ണ ഏകോപിപ്പിച്ച പാട്ടിെൻറ ദൃശ്യങ്ങൾ ഇന്ദു ജയദീപാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ആഴ്ചകൾ തോറും വ്യത്യസ്തമായ പരിപാടികൾ ഓൺലൈനിൽ അവതരിപ്പിക്കുന്ന ക്വീൻ ലോഞ്ച്, പുതുതായി ആരംഭിച്ച പെണ്ണിടം യുട്യൂബ് ചാനലിലൂടെയാണ് ലോകത്തെങ്ങുമുള്ള മലയാളികളിലെത്തിക്കുന്നത്. നേരത്തെ അപരിചിതർ എന്ന ഹ്രസ്വ സിനിമയും സംഘം നിർമിച്ചിരുന്നു. പലയിടങ്ങളിൽനിന്നായി നിരവധി പേർ അഭിനയിച്ച സിനിമ ആയിരങ്ങളാണ് യുട്യൂബിലൂടെ കണ്ടത്. ഗ്രൂപ്പിന് വേണ്ടി തീംസോങ്ങും തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.