"സീവേൾഡ് എക്സ്പോ 2026' പ്രഖ്യാപനവുമായി ബന്ധപ്പെട്ട്
നടത്തിയ വാർത്തസമ്മേളനം
മനാമ: അറബ് ലോകത്തെ ആദ്യ അന്താരാഷ്ട്ര ബോട്ട് ഷോയും മറൈൻ ഇൻഡസ്ട്രി എക്സിബിഷനുമായ ‘സീവേൾഡ് എക്സ്പോ 2026’ന് ആതിഥ്യമരുളാൻ ബഹ്റൈൻ. അടുത്ത വർഷം ജനുവരി 8 മുതൽ 10 വരെ ദാനത്ത് അൽ ബഹ്റൈൻ ഐലൻഡ് ആൻഡ് മറീനയിലാണ് ഈ മെഗാ ഇവന്റ് നടക്കുക. 28 രാജ്യങ്ങളിൽ നിന്നായി എഴുപതിലധികം അന്താരാഷ്ട്ര പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുമെന്ന് സീവേൾഡ് എക്സ്പോ സി.ഇ.ഒ ഖാലിദ് അൽ സഈദ് അറിയിച്ചു.ഓർക്ക പ്രോജക്ട്സ് സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ സമുദ്ര മേഖലയിലെ അത്യാധുനിക സംവിധാനങ്ങളും ആഡംബരങ്ങളും ഒരു കുടക്കീഴിൽ അണിനിരക്കും.
ആധുനിക ബോട്ടുകളും യാട്ടുകളും, വാട്ടർ സ്പോർട്സ് ഇനങ്ങളായ ഡൈവിങ്, ഫിഷിങ് എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.പ്രദർശന ദിവസങ്ങളിൽ ഉച്ച രണ്ട് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ആഗോള സമുദ്ര വ്യവസായ മേഖലയിൽ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും നിക്ഷേപകർക്കും ഈ രംഗത്തെ പ്രമുഖർക്കും പരസ്പരം സഹകരിക്കുന്നതിനും എക്സ്പോ അവസരമൊരുക്കും. വി.വി.ഐ.പികൾ, ഉന്നത ഉദ്യോഗസ്ഥർ, ആഗോള നിക്ഷേപകർ എന്നിവർ പങ്കെടുക്കുന്ന മേളയിൽ തത്സമയ പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, ഇന്ററാക്ടീവ് സെഷനുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സമുദ്ര വിനോദങ്ങളെ സ്നേഹിക്കുന്നവർക്കും ഈ മേഖലയിലെ പ്രഫഷനലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രദർശനം രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.