അൽ മംസാർ കോർണിഷിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ്​ ബിൻ ഗലിത

അൽ മംസാർ കോർണിഷ്​ വികസനം അതിവേഗത്തിൽ

ദുബൈ: ലോക നിലവാരത്തിലുള്ള തീരദേശ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റാൻ ലക്ഷ്യമിട്ട്​ ദുബൈയിലെ അൽ മംസാർ കോർണിഷിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 88 ശതമാനവും ഇതിനകം പൂർത്തിയായി. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ്​ ബിൻ ഗലിത പദ്ധതി സ്ഥലം സന്ദർശിച്ച്​ പ്രവർത്തനങ്ങൾ വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥർ, പ്രോജക്ട്​ മാനേജർമാർ, എൻജിനീയറിങ്​ ടീമംഗങ്ങൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച്​ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്​ വിശദീകരിച്ചു നൽകി.

നിശ്ചയിച്ച സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി സന്ദർശനത്തിന്​ തുറന്നു നൽകുമെന്ന്​​ അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ പൊതു ബീച്ചുകൾ പുനർനിർവചിക്കുന്നതിൽ സുപ്രധാനമായ ചുവട്​വെപ്പാണ്​ മംസാർ കോർണിഷ്​ വികസന പദ്ധതിയെന്നും​ അഹമ്മദ്​ ബിൻ ഗലിത വ്യക്​തമാക്കി. വാസ്​തുവിദ്യ മികവ്​, പരിസ്ഥിതി സംരക്ഷണം എന്നിവ സമന്വയിപ്പിച്ച ഒരു പുതു തലമുറ സംയോജിത തീരദേശ ലക്ഷ്യസ്ഥാനം താമസക്കാർക്കും സന്ദർശകർക്കും പരിചയപ്പെടുത്തുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്​ രൂപകൽപന ചെയ്ത സൗകര്യങ്ങളാണ്​ കോർണിഷിൽ സജ്ജമാക്കുന്നത്​.

സ്ത്രീകൾക്കായി പ്രത്യേക ബീച്ചുകൾ, രാത്രി നീന്തൽ സൗകര്യങ്ങൾ, സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചുറ്റുപാടും മതിൽകെട്ടൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ്​ നടന്നുവരുന്നത്​. കൂടാതെ ആരോഗ്യ സേവന സൗകര്യങ്ങൾ, സമഗ്രമവും സംയോജിതവുമായ അടിസ്ഥാന സൗകര്യങ്ങൾ, ബീച്ചുകളുടെ മുൻവശത്തായി ഭക്ഷ്യ, പാനീയ ഔട്ട്​ലറ്റുകൾ എന്നിവയും സജ്ജമാക്കും. നടത്തം, ജോഗിങ്​, സൈക്ലിങ്​, കുട്ടികൾക്കുള്ള കളിസ്ഥലം, ഫിറ്റ്​നസ്​ മേഖലകൾ, ബീച്ച്​ കളികൾക്കായുള്ള സ്ഥലങ്ങൾ, രാത്രിയും പകലും ഇരിക്കാവുന്ന മേൽക്കൂരയോട്​ കൂടിയ ഇരിപ്പിടങ്ങൾ, സ്​കേറ്റ്​ പാർക്ക്​ എന്നിവ ബീച്ചിന്‍റെ വിനോദ ആകർഷണങ്ങളെ കൂടുതൽ സമ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Al Mamzar Corniche development is at a rapid pace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.