ഷാർജയിൽ പുതു സംരംഭങ്ങളുടെ എണ്ണം വർധിക്കുന്നു

ഷാർജ: പ്രാദേശിക, ആഗോള തലങ്ങളിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഷാർജയിൽ പുതു സംരംഭങ്ങൾക്ക്​ ലൈസൻസ്​ അനുവദിക്കുന്നതിൽ 36 ശതമാനം വർധന രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 2,991 പുതിയ ലൈസൻസുകളാണ്​ ഷാർജ സാമ്പത്തിക വികസന വകുപ്പ്​ (എസ്​.ഇ.ഡി.ഡി) അനുവദിച്ചത്​. ഇതേ കാലയളവിൽ പുതുക്കിയ ലൈസൻസുകളുടെ എണ്ണം 15,930 ആണ്​.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച്​ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ച മൊത്തം ബിസിനസ്​ ലൈസൻസുകളുടെ എണ്ണം 18,921 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്​ 18,768 ആയിരുന്നു. ഒരു ശതമാനമാണ്​ വർധന. ഷാർജയിലെ പ്രാദേശിക സമ്പദ്​വ്യവസ്ഥയുടെ ശക്​തിയും ബിസിനസ്​ സാധ്യതകളുള്ള നിക്ഷേപ കേന്ദ്രമെന്ന ഷാർജയുടെ ആകർഷണീയതയും വർധിക്കുന്നുവെന്നതാണ്​ ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്​ ഷാർജ ഇകണോമിക്​ ഡവലപ്​മെന്‍റ്​ ഡിപാർട്ട്​മെന്‍റ്​ ചെയർമാനും ഷാർജ എക്സിക്യുട്ടീവ്​ കൗൺസിൽ അംഗവുമായ ഹമദ്​ അലി അബ്​ദുല്ല അൽ മഹമ്മൂദ്​ പറഞ്ഞു.

വാണിജ്യ രംഗത്ത്​ 1671 പുതിയ ലൈസൻസുകളും 999 പ്രഫഷനൽ ലൈസൻസുകളുമാണ്​ ഇക്കാലയളവിൽ അനുവദിച്ചത്​. ഇൻഡസ്​ട്രിയൽ, ഇത്തിമാസ്​ ലൈസൻസുകളുടെ എണ്ണം 123 ഉും ഇ-കൊമേഴ്​സ്​ ലൈസൻസകളുടെ എണ്ണം 75ലുമെത്തിയിട്ടുണ്ട്​. പുതുക്കിയ ലൈസൻസുകളുടെ കാര്യത്തിൽ വാണിജ്യ മേഖലയാണ്​​ മുന്നിൽ. 1028 ലൈസൻസാണ്​ ഈ മേഖലയിൽ പുതുക്കിയത്​. 4,454 ലൈസൻസുകളുമായി പ്രഫഷനൽ മേഖലയാണ്​ തൊട്ടുപിന്നിൽ. 867 ലൈസൻസുകളുമായി ഇൻഡസ്​ട്രിയൽ മേഖലയാണ്​ മൂന്നാം സ്ഥാനത്ത്​.

മെയിൻ ബ്രാഞ്ചിൽ 1510 ലൈസൻസുകളും ഇൻഡസ്​ട്രിയൽ മേഖല ബ്രാഞ്ച്​ 841ഉം ലൈസൻസുകൾ​ അനുവദിച്ചു. മധ്യ മേഖലയിൽ 326 ലൈസൻസുകളും ഖോർഫക്കാൻ 195ഉും കൽബയിൽ 98ഉം ദിബ്ബ അൽ ഹിസൻ 21ഉം ലൈസൻസ്​ അനുവദിച്ചിട്ടുണ്ട്​.

Tags:    
News Summary - Number of new businesses increasing in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.