അബൂദബി: വിദൂര പഠനം അനുവദിക്കുന്ന സ്വകാര്യ സ്കൂളുകളിലെ നിയമലംഘനങ്ങൾക്കെതിരായ പിഴ നടപടികൾ വിശദീകരിക്കുന്ന സമഗ്രമ ചട്ടക്കൂട് പുറത്തിറക്കി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). രേഖാമൂലം നോട്ടിസ് നൽകുന്നത് മുതൽ ലൈസൻസ് പുനപ്പരിശോധനവരെയുള്ള നടപടികൾ ഉൾകൊള്ളുന്നതാണ് പുതിയ നിയമനിർവഹണ ചട്ടക്കൂട്.
ഇതു പ്രകാരം ശിക്ഷ നടപടികളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. വിദ്യാർഥികളെ നേരിട്ട് ബാധിക്കാത്ത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിക്കുന്ന ഭരണപരമായ നിയമലംഘനങ്ങളാണ് ആദ്യ വിഭാഗത്തിലുള്ളന്നത്. ദിവസേനയുള്ള കുട്ടികളുടെ ഹാജർ അപ്ലോഡ് ചെയ്യുന്നതിൽ ഒന്നിലധികം തവണ വീഴ്ച വരുത്തുക, അംഗീകൃത ടൈം ടേബിൾ പാലിക്കാതിരിക്കുക, പാഠഭാഗങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലെ കാലതാമസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ഇത്തരം കേസുകളിൽ 48 മണിക്കൂറിനുള്ളിൽ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്കൂളുകളിലെ വിദൂര പഠന വിഭാഗം കോർഡിനേറ്റർക്ക് രേഖാമൂലം നോട്ടിസ് നൽകും. കൂടാതെ സ്കൂൾ രേഖകളിൽ ഈ നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. നിയമലംഘനം തിരിച്ചറിഞ്ഞ പിറ്റേ ദിവസം തന്നെ രേഖാമൂലം നോട്ടിസ് അയക്കും. ആദ്യ തവണ ലഭിച്ച നോട്ടിസിന് ശേഷവും നിയമലംഘനം ആവർത്തിക്കുന്നതുൾപ്പെടെ വിദ്യാർഥികളുടെ ക്ഷേമത്തെയും വിദ്യാഭ്യാസ നിലവാരത്തേയും നേരിട്ട് ബാധിക്കുന്ന ഗുരുതര നിയമലങ്ങൾക്കെതിരെയുള്ളതാണ് രണ്ടാം വിഭാഗം ശിക്ഷ നടപടി.
വിദൂര പഠനത്തിനിടെ നേരിട്ടുള്ള ഇടപെടലിന്‍റെ അഭാവം, കുട്ടികളുടെ ക്ഷേമം നിരീക്ഷിക്കുന്നതിലെ വീഴ്ച, ആദ്യഘട്ട മുന്നറിയിപ്പിന് ശേഷവും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലെ തുടർച്ചയായുള്ള പരാജയം, രക്ഷിതാക്കളിൽ നിന്നുള്ള പരാതികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം കേസുകളിൽ ഔദ്യോഗികമായ മുന്നറിയിപ്പ് നോട്ടിസ് നൽകുന്നതിനൊപ്പം അഞ്ച് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ സ്കൂൾ പ്രിൻസിപ്പലുമായി നിർബന്ധ യോഗം ചേരുകയും അംഗീകൃത ഫീസ് ഷെഡ്യൂൾ അനുസരിച്ച് പിഴ ചുമത്തുകയും ചെയ്യും.
കൂടാതെ പത്ത് സ്കൂൾ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തും. മുന്നറിയിപ്പ് നോട്ടിസ് ലഭിച്ചിട്ടും തുടർച്ചയായുള്ള നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഡാറ്റ തരംതിരിക്കൽ, സ്കൂളുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന മനപ്പൂർവമായ വീഴ്ചയുടെ ഫലമായി വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ, തുടർച്ചയായി മൂന്നു ദിവസമോ അതിലധികമോ തൽസമയ ക്ലാസ് നൽകുന്നതിലുള്ള വീഴ്ച എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഉപരോധം, ലൈസൻസ് പുനപ്പരിശോധന, പരമാവധി പിഴ ചുമത്തൽ, അഡകിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലേക്ക് വിദൂര പഠനം മാറ്റുക തുടങ്ങിയ ശിക്ഷ നടപടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.