ദുബൈ: വ്യാജ പാർക്കിങ് പെർമിറ്റ് നിർമിച്ച കേസിൽ അറസ്റ്റിലായ പിതാവും മകനും കുറ്റക്കാരനാണെന്ന് വിധിച്ച് ദുബൈ കോടതി. പിതാവിന്‍റെ കാർ പാർക്ക് ചെയ്യുന്നതിനായാണ് 29 കാരനായ മകൻ ദുബൈ റോഡ് ഗതാഗത അതോറ്റി (ആർ.ടി.എ) യുടെ ഒറിജിനൽ പാർക്കിങ് പെർമിറ്റിൽ അനധികൃതമായി മാറ്റം വരുത്തിയത്.
പാർക്കിങ് പരിശോധകരെ കബളിപ്പിക്കുന്നതിനായി പെർമിറ്റ് തിരുത്തി പിതാവിന്‍റെ കാറിന്‍റെ വിവരങ്ങൾ അതിൽ ചേർക്കുകയും കാലാവധി അവസാനിക്കുന്ന തിയതിയിൽ മാറ്റം വരുത്തുകയുമായിരുന്നു. പിതാവിന്‍റെ വാഹനത്തിന്‍റെ വിൻഡ് സ്ക്രീനിന് പിറകിൽ പാർക്കിങ് പെർമിറ്റ് പ്രദർശിപ്പിച്ചതിൽ സംശയം തോന്നിയ ആർ.ടി.എ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായതെന്ന് ഇമാറാത്തുൽ യൗം റിപോർട്ട് ചെയ്തു.
യഥാർഥ പെർമിറ്റ് ഉടമയോട് കാറിന് സമീപത്തേക്ക് വരാൻ നിർദേശിച്ച ഉദ്യോഗസ്ഥൻ പാർക്കിങ് സ്ഥലത്ത് കാത്തുനിന്നു. ഈ സമയം പിതാവ് എത്തി കാറിൽ നിന്ന് പെർമിറ്റ് നീക്കുകയും അത് മറക്കാനുള്ള ശ്രമവും നടത്തിയെങ്കിലും അപ്പോഴേക്കും ആർ.ടി.എ ഉദ്യോഗസ്ഥൻ കേസ് രേഖപ്പെടുത്തിയിരുന്നു.
പിടിയിലായ പിതാവിനേയും മകനേയും ആർ.ടി.എ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസന്വേഷിച്ച് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ ദുബൈ ക്രിമിനൽ കോടതിക്ക് കൈമാറി. തെളിവുകൾ പരിശോധിച്ച കോടതി രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജയിൽ ശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.