പശ്ചിമ അബൂദബിയിലെ മദീന സായിദിൽ ആരംഭിച്ച അൽ ദഫ്ര ഫെസ്റ്റിവലിൽ മജാഹിം ഇനത്തിലെ ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരത്തിനെത്തുന്നവർ
അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ പശ്ചിമ അബൂദബിയിലെ മദീന സായിദിൽ 14 ാമത് അൽ ദഫ്ര പൈതൃക ഫെസ്റ്റിവൽ ആരംഭിച്ചു. കോവിഡ് രോഗ മുൻകരുതലുകളും പ്രതിരോധ നടപടികളും ഉറപ്പുവരുത്തിയാണ് ഫെസ്റ്റിവൽ. ഒട്ടക സൗന്ദര്യ മത്സരം, ഫാൽക്കൺറി മത്സരം, കുതിരപ്പന്തയം, സാലുകി വേട്ടപ്പട്ടികളുടെ പന്തയം, ഏറ്റവുമധികം പാൽ ചുരത്തുന്ന ആടുകൾ, ആടുകളുടെ സൗന്ദര്യ മത്സരം എന്നിവയോടെയാണ് ഫെസ്റ്റിവൽ.
സന്ദർശകർക്ക് ഈ വർഷം പതിവുപോലെ പ്രവേശനാനുമതിയില്ലെങ്കിലും ഒട്ടേറെ ഗോത്രവർഗക്കാർ തലയെടുപ്പുള്ള ഒട്ടകക്കൂട്ടങ്ങളുമായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നും ഫെസ്റ്റിവൽ നഗരിയിൽ വാരാന്ത്യങ്ങളിൽ എത്തും. ഓരോ ആഴ്ചയുടെ അവസാനത്തെ മൂന്നു ദിവസങ്ങളിലായി 13 ആഴ്ച നീളുന്ന ഈ വർഷത്തെ ഉത്സവം ജനുവരി 29 വരെയാണ് നടക്കുക.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനായി പ്രാദേശിക ബസാർ ഇക്കുറി ഒഴിവാക്കി. ദിവസേന ഉൽസവ നഗരിയിലെത്തുന്ന മൃഗങ്ങളുടെയും ജനങ്ങളുടെയും താപനില പരിശോധനയും അണുനശീകരണവും നടക്കും. അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും മത്സരാർഥികളും ഒഴുകിയെത്തുന്ന പൈതൃകോൽസവത്തിൽ 25,000 ഒട്ടകങ്ങളാണ് പങ്കെടുക്കുക. 550 ലക്ഷം ദിർഹമിന് മുകളിലാണ് വിജയികൾക്കു ലഭിക്കുന്ന സമ്മാനം. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഒട്ടകോൽസവമാണിത്.
ഭാവിതലമുറകളിൽ ദേശസ്നേഹം വർധിപ്പിക്കാനും പൈതൃകം പുനരുജ്ജീവിപ്പിക്കാനും ഓർമയിൽ നിലനിർത്താനും അൽ ദഫ്ര ഫെസ്റ്റിവൽ സംഘാടക സമിതി ശ്രദ്ധിക്കുന്നു. അറേബ്യൻ പൈതൃക സംസ്കാരത്തിൽ ഒട്ടകങ്ങളുടെ പങ്ക്, ഇമറാത്തി, ഗൾഫ്, അറബ് പൈതൃകം, ആചാരങ്ങൾ എന്നിവ സംരക്ഷിക്കൽ എന്നിവ ലക്ഷ്യമാക്കിയുള്ള ഫെസ്റ്റിവൽ അൽദഫ്ര മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഫെസ്റ്റിവൽ നഗരിയിൽ മജാഹിം ഇനത്തിലുള്ള കറുത്ത ഒട്ടകങ്ങളുടെ മത്സരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. രോഗമുള്ള ഒട്ടകങ്ങളുടെ പങ്കാളിത്തം കർശനമായി ഒഴിവാക്കുന്നതിന് മൃഗ ഡോക്ടർമാരുടെ പരിശോധനക്കു ശേഷമാണ് മൽസരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. എല്ലാവരുടെയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.