പുതുവത്സരാഘോഷത്തിനിടെ ദുബൈ മാളിന് സമീപം പൊതുജനങ്ങൾക്ക് സഹായവുമായി ദുബൈ പൊലീസ് തെരുവിലിറങ്ങിയപ്പോൾ
ദുബൈ: ആഘോഷത്തിൽ മുങ്ങിയ യു.എ.ഇയിലെ പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കിയതിന് രാജ്യത്തെ പൊലീസ് സേനകൾക്ക് അഭിനന്ദനപ്രവാഹം. വെള്ളിയാഴ്ച തന്നെ പുതുവർഷം വന്നെത്തുന്നതിൽ ഇരട്ടസന്തോഷത്തോടെ തയാറെടുപ്പുകൾ തുടങ്ങിയവർക്ക് കോവിഡ് ഭീതി അൽപം ഭീഷണിയുയർത്തിയെങ്കിലും രാജ്യത്തെ ഏഴു എമിറേറ്റുകളിലെയും പൊലീസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ പൊതുജനത്തിന് തെല്ലൊന്നുമല്ല സന്തോഷം പകർന്നത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷിതമായി പാലിച്ച്, എന്നാൽ ആഹ്ലാദത്തിനും ആഘോഷപ്പൊലിമക്കും ഒട്ടും കുറവില്ലാതെ തന്നെ പുതുവത്സരാഘോഷം സംഘടിപ്പിക്കാനായതിൽ പൊലീസ് സംവിധാനത്തിെൻറ പങ്ക് വളരെ വലുതാണ്.
സുരക്ഷിതവും ചിട്ടയാർന്നതുമായ ആഘോഷമൊരുക്കിയതിൽ സമൂഹമാധ്യമങ്ങളിലടക്കം താരങ്ങളാണ് ഇപ്പോൾ രാജ്യെത്ത പൊലീസ് സേന. ലക്ഷക്കണക്കിന് അഭിനന്ദനങ്ങളാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. പൊലീസിനെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനം ആവശ്യമായി വരുന്ന ഘട്ടങ്ങളാണ് രാജ്യത്തെ പൊതു ആഘോഷ അവസരങ്ങൾ. എന്നാൽ വളരെ കൃത്യമായും ആശങ്കകൾക്ക് അവസരം നൽകാതെയും വൈറസ് ഭീതിയെ തുടർന്നുള്ള മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടാതെയും വളരെ സുരക്ഷിതമായാണ് സേന തങ്ങളുടെ കർത്തവ്യം നിർവഹിച്ചിരിക്കുന്നത്.
ഏറ്റവും വലിയ ആഘോഷങ്ങൾ നടന്ന ദുബൈയിൽ വൻ സന്നാഹങ്ങളും സംവിധാനങ്ങളുമൊരുക്കിയാണ് ദുബൈ പൊലീസ് പുതുവത്സരാഘോഷത്തിന് ഒരുങ്ങിയത്. കാഴ്ചക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് മാത്രമല്ല, ഗതാഗതതിരക്കുകളില്ലാതെ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി പുതുവർഷപ്പുലരിയിൽ റോഡുകൾ കീഴടക്കാനും ആഘോഷത്തിൽ പങ്കെടുക്കാനും ദുബൈ പൊലീസ് അവസരമൊരുക്കി.
കരിമരുന്ന് പ്രയോഗം ഉൾപ്പെടെ ദുബൈയിലെ ആഘോഷത്തിെൻറ മുഖ്യകേന്ദ്രമായ ദുബൈ മാൾ, ബുർജ് ഖലീഫ, ഡൗൺ ടൗൺ, മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് എന്നിവിടങ്ങളിൽ വാഹനവ്യൂഹം സൃഷ്ടിച്ചേക്കാവുന്ന വൻതിരക്ക് മുൻകൂട്ടി കണ്ടു റോഡുകൾ അടച്ചും ഗതാഗതം നിയന്ത്രിച്ചും ആഘോഷങ്ങളിലേക്കെത്തുന്നവർക്ക് അനായാസം കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങളൊരുക്കിയത് വളരെ പ്രയോജനപ്രദമായി. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഇവിടെ ദുബൈ പൊലീസ് ഉണർന്നു പ്രവർത്തിച്ചത്. ഉൗദ് മേത്ത മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെയുള്ള മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, അൽ അസൽ സ്ട്രീറ്റ് എന്നിവ ഡിസംബർ 31ന് വൈകുന്നേരം നാലു മണി മുതൽ തന്നെ അടച്ചിട്ടിരുന്നു. ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റ് വൈകുന്നേരം നാലു മണിക്കും അൽ സുഖൂഖ് സ്ട്രീറ്റ് രാത്രി എട്ടു മണിക്കുമാണ് അടച്ചത്. വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയിൽ അടച്ചിട്ട അൽ മുസ്തക്ബാൽ സ്ട്രീറ്റ് (ഫസ്റ്റ് ബിസിനസ് ബേ സ്ട്രീറ്റിനും ട്രേഡ് സെൻററിനുമിടയിലെ സ്ട്രീറ്റ്) ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ അടഞ്ഞുകിടന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാവിലെ ആറ് വരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷനും അടച്ചു. എന്നാൽ സുരക്ഷിതമായി ശൈഖ് സായിദ് റോഡ് മുറിച്ചുകടക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ബുർജ് ഖലീഫ മെട്രോ സ്റ്റേഷന് സമീപമുള്ള ശൈഖ് സായിദ് റോഡിലേക്ക് കാൽനടപ്പാതയൊരുക്കിയാണ് ആഘോഷങ്ങൾക്കെത്തിയവരെ അധികൃതർ സഹായിച്ചത്.
ദുബൈയിൽ 23 സ്ഥലങ്ങളിലായി 4,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരും 2,000 സുരക്ഷാ പട്രോളിങ്ങുകളും മുഴുവൻ സമയവും നിലയുറപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരും നേതൃത്വമേറ്റെടുത്ത് നിരത്തിലിറങ്ങി. ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നേതൃത്വത്തിലായിരുന്നു വിന്യാസമൊരുക്കിയത്. ഡൗൺ ടൗണിൽ പ്രത്യേകം ഓപറേഷൻ റൂം സജ്ജീകരിച്ചായിരുന്നു പൊലീസ് പുതുവത്സരാഘോഷം പിഴവുകളില്ലാത്ത വൻവിജയമാക്കി തീർത്തത്.
അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ പൊലീസ് വകുപ്പുകൾ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ അറിയിപ്പ് നൽകിയിരുന്നു. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ടെക്സ്റ്റ്, ഓഡിയോ, വിഡിയോ സന്ദേശങ്ങളൊരുക്കിയാണ് ജനങ്ങൾക്ക് നിർദേശങ്ങൾ കൈമാറിയത്. പലയിടങ്ങളിലും താൽക്കാലിക ആശുപത്രികളും പ്രഥമശുശ്രൂഷ ക്ലിനിക്കുകളും വരെ ഒരുക്കി. അബൂദബി പൊലീസ് ട്വിറ്റർ ഹാൻഡിൽ തലസ്ഥാന നഗരത്തിലെ പ്രധാന തെരുവുകളിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് തത്സമയ അറിയിപ്പുകൾ നൽകുന്ന സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഷാർജയിൽ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഓപറേഷൻ റൂമുകൾക്കും മുഴുവൻ സമയവും പരാതികൾ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിൽ സമഗ്രമായ സുരക്ഷാ പദ്ധതി തയാറാക്കി.
ആഘോഷവേളകളിൽ പൊതുജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിന് വിവിധ സംഘങ്ങളാക്കി തിരിച്ചുള്ള പൊലീസ് ടീമുകളുടെ ഏകോപനം വളരെയധികം സഹായിച്ചതായി റാസൽഖൈമ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുവൈമി പറഞ്ഞു.
രാജ്യത്തുടനീളം ഡ്രോണുകൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തിയാണ് ജനക്കൂട്ടത്തെയും വേദികളെയും പൊലീസ് നിരീക്ഷിച്ചതും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതപ്രതികരണം ഉറപ്പാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.