ഉമ്മുസുഖൈം ബീച്ച് വികസന പദ്ധതിയുടെ രൂപരേഖ
ദുബൈ: എമിറേറ്റിലെ ഉമ്മു സുഖൈം ബീച്ച് വികസിപ്പിക്കുന്നതിനുള്ള 50 കോടി ദിർഹം മൂല്യമുള്ള മാസ്റ്റർപ്ലാനിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി എമിറേറ്റിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റി പദ്ധതി രൂപപ്പെടുത്തിയത്. 3.1 കി.മീറ്റർ ദൈർഘ്യത്തിലും ഏകദേശം 4.45 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ബീച്ച് വിസ്തീർണം 30 ശതമാനം വർധിപ്പിക്കുകയും, രാത്രി പ്രവർത്തനങ്ങൾക്കും നൈറ്റ് സ്വിമ്മിങ്ങിനുമായി 1.3 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് സ്മാർട്ട് ലൈറ്റിങ് സംവിധാനം ഒരുക്കുകയും ചെയ്യും.
പദ്ധതി പൂർത്തിയാകുന്നതോടെ ഉമ്മു സുഖൈം ബീച്ച് വർഷംതോറും 60 ലക്ഷം സന്ദർശകരെ സ്വീകരിക്കാൻ ശേഷിയുള്ളതായിരിക്കും. പദ്ധതിയുടെ ഭാഗമായി പാർക്കിങ് സൗകര്യങ്ങൾ 200 ശതമാനം വർധിപ്പിച്ച് ഏകദേശം 2,400 ഇടങ്ങൾ ഒരുക്കും. ജുമൈറ സ്ട്രീറ്റിൽ നിന്നുള്ള റോഡുകളും പ്രവേശന മാർഗങ്ങളും നവീകരിക്കുകയും, സമീപത്തെ താമസ മേഖലകളിൽനിന്ന് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യും. ആറ് പ്രധാന പ്രവേശന കവാടങ്ങൾ, 10 മൊബിലിറ്റി ഹബുകൾ, 11 ടാക്‌സി പിക്കപ്–ഡ്രോപ് ഓഫ് പോയന്റുകൾ, സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
ഇമിറാത്തി സമുദ്ര പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട 38 മീറ്റർ ഉയരമുള്ള ഓബ്സർവേഷൻ ടവർ ബീച്ചിന്റെ പ്രധാന ദൃശ്യ ആകർഷണമായിരിക്കും. കാലാവസ്ഥാ മാറ്റവും കടൽനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് രണ്ട് കി.മീറ്റർ നീളമുള്ള ശക്തമായ മതിൽ, ബീച്ച് നില ഉയർത്തൽ തുടങ്ങിയ എൻജിനീയറിങ് നടപടികളും നടപ്പാക്കും. ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്റ്റ്രാറ്റജി 2033, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുമായി യോജിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സുസ്ഥിരത, സുരക്ഷ, എല്ലാവർക്കും പ്രവേശന സൗകര്യം എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ ബീച്ച് വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.