അബൂദബി: വേനലവധിക്കാലത്ത് വീട്ടുപൂളുകളില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് തടയാന്‍ കുടുംബങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. കുട്ടികള്‍ പൂളിലിറങ്ങുമ്പോള്‍ മുതിര്‍ന്നവരുടെ നേരിട്ടുള്ള നിരീക്ഷണമുണ്ടായിരിക്കണമെന്നും ഒരു നിമിഷത്തേക്ക് പോലും കുട്ടികളെ തനിച്ചാക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു.
കുട്ടികളെ നിരീക്ഷിക്കുന്ന വേളയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതും മറ്റ് കാര്യങ്ങളില്‍ ശ്രദ്ധതിരിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം. പൂളുകള്‍ക്ക് ചുറ്റും സുരക്ഷിതമായ വേലികള്‍ സ്ഥാപിക്കുക, വാതിലുകള്‍ കൃത്യമായി അടച്ചുപൂട്ടുക, തെന്നിവീഴാത്ത തരത്തിലുള്ള നോണ്‍ സ്ലിപ്പ് ഫോറിങ് ഉറപ്പാക്കുക, ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ലൈഫ് ജാക്കറ്റുകളും സജ്ജീകരിക്കുക, പ്രായത്തിന് അനുസരിച്ചുള്ള നീന്തല്‍ പരിശീലനം നല്‍കുക എന്നിവ കര്‍ശനമായി പാലിക്കണം.
അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് എത്തുന്നതുവരെ പ്രാഥമിക ശുശ്രൂഷ നല്‍കാനും സി.പി.ആര്‍. (കൃത്രിമ ശ്വാസോച്ഛ്വാസം) നല്‍കാനുമുള്ള കാര്യങ്ങള്‍ രക്ഷിതാക്കളും പരിചാരകരും പഠിച്ചുവെക്കേണ്ടതുണ്ട്. കുട്ടികളുടെ സുരക്ഷ കുടുംബത്തിന്റെ ബോധവല്‍ക്കരണത്തിലൂടെ ആരംഭിക്കുന്ന പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും വേനലവധിക്കാലത്ത് മുങ്ങിമരണങ്ങള്‍ ഇല്ലാതാക്കാനും കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുമായി നടത്തുന്ന സേഫ് സമ്മര്‍ കാമ്പയിനിന്റെ ഭാഗമായാണ് ഈ നിര്‍ദേശങ്ങളെന്നും അബൂദബി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.