ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മൂന്നുദിവസം അവധി

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 17 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കോണ്‍സുലേറ്റിന് താല്‍ക്കാലിക അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. എന്നാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മൂന്നുദിവസത്തേക്ക് ഓഫിസ് അടച്ചിടുന്നത്. കോണ്‍സുലേറ്റിലെ പതിവ് സേവനങ്ങള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഇതിനായുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ ജൂലൈ 19 ഞായറാഴ്ച രാത്രി എട്ടു മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഔട്ട്സോഴ്സിങ് കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജൂലൈ ഒന്നുമുതല്‍ അബൂദബി എംബസിയിലും ദുബൈ കോണ്‍സുലേറ്റിലും നേരിട്ടാണ് നിലവില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കിവരുന്നത്. നേരത്തെ ഒരു പതിറ്റാണ്ടിലേറെയായി ബി.എല്‍.എസ് കമ്പനിയായിരുന്നു യു.എ.ഇയിലെ കോണ്‍സുലര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. പുതിയ ടെന്‍ഡറിലൂടെ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ട്രാവല്‍സിനെ കരാര്‍ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും, ഇത് ഭരണപരമായ കാരണങ്ങളാല്‍ വൈകുകയായിരുന്നു.

ടെന്‍ഡര്‍ നടപടികള്‍ ചോദ്യം ചെയ്ത് മറ്റ് രണ്ട് കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്, യു.എ.ഇക്ക് പുറമെ കുവൈത്ത്, സിംഗപ്പൂർ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങൾക്കായി ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

പുതിയ കരാര്‍ നിലവില്‍ വരുന്നത് വരെ അടിയന്തര സേവനങ്ങള്‍ക്കായി മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് എംബസി അധികൃതര്‍.

ടെൻഡർ നടപടികളുടെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് ബിഡ്ഡർമാർ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ടെൻഡർ പങ്കാളിത്തത്തിൽ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ വെളിപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.

സുതാര്യത ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് അൽഹിന്ദിന് നൽകിയ കരാർ കോടതി റദ്ദാക്കിയത്. ഒരു മാസത്തിനകം പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ച് പുതിയ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതി ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കരാറുകാരെ നിശ്ചയിക്കുന്നത് വരെയുള്ള താൽക്കാലിക ചുമതല ബി.എൽ.എസിന് തന്നെയായിരിക്കും.

Tags:    
News Summary - Indian Consulate in Dubai on three-day holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.