അജ്മാനിലെ അൽസോറ കണ്ടൽകാട് റിസർവിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന
ഹോട്ട്പാക് ജീവനക്കാർ
ദുബൈ: പ്രമുഖ പാക്കേജിങ് നിർമാതാക്കളായ ഹോട്ട്പാക്ക് ജീവനക്കാർ അജ്മാനിലെ അൽസോറ കണ്ടൽകാട് റിസർവിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ ഹോട്ട്പാക് ബ്രാഞ്ചുകളിൽ നിന്നുള്ള നൂറുകണക്കിന് ജീവനക്കാർ ചേർന്നാണ് മാതൃകപരമായ ദൗത്യം പൂർത്തിയാക്കിയത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും സമൂഹത്തിന് തിരിച്ചുനൽകാനും ലക്ഷ്യമിട്ട ദീർഘകാല സുസ്ഥിരതാ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനമെന്ന് ഹോട്ട്പാക്ക് അധികൃതർ പറഞ്ഞു.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.ആർ.എർ) പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്ന ദുബൈ ആസ്ഥാനമായ ‘കമ്പനീസ് ഫോർ ഗുഡ്’ എന്ന പ്രസ്ഥാനവുമായി സഹകരിച്ച് ‘ഹോട്ട്പാക്ക് ഹാപ്പിനസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാരുടെ ക്ഷേമവും കോർപറേറ്റ് ഉത്തരവാദിത്തവും ഒന്നിച്ചാൽ എങ്ങനെ പരിസ്ഥിതിക്ക് ഗുണകരമായ പ്രവർത്തനങ്ങളായി മാറുമെന്നത് തെളിയിച്ചുവെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനായി ദീർഘവീക്ഷണത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കാഴ്ചപ്പാടിനോടുള്ള ആദരസൂചകമായാണ് കണ്ടൽചെടികൾ നടീൽ യജ്ഞം സംഘടിപ്പിച്ചത്. ഈ ദേശീയദൗത്യത്തിൽ പങ്കാളിയാകുന്നതോടൊപ്പം വിവിധ എമിറേറ്റുകളിൽ കണ്ടൽ സംരക്ഷണം സി.എസ്.ആർ പ്രവർത്തനങ്ങളുടെ മുഖ്യ അജണ്ടയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഒ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദീൻ പി.ബി പറഞ്ഞു. കണ്ടൽചെടികൾ നട്ടുപിടിപ്പിക്കൽ യജ്ഞത്തിൽ പങ്കെടുത്ത എല്ലാ ജീവനക്കാർക്കും ഒരു പഠന, പ്രചോദന അനുഭവമായെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ടി.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.