വേണാട് പാൽക്കൊഞ്ചുമായി രുചിലോകത്തെ സൂപ്പർ സ്റ്റാർ
https://www.madhyamam.com/gulf-news/uae/super-star-of-the-taste-world-with-venad-palkonchu-1297070
ഷാർജ: രുചിലോകത്തിന്റെ സൂപ്പർ സ്റ്റാർ ഷെഫ് പിള്ള എന്ന സുരേഷ് പിള്ള താൻ എന്തുകൊണ്ടാണ് താരമാകുന്നതെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. താരപ്പകിട്ടിനൊത്ത രുചിയിൽ ലൈവായി ‘വേണാട് പാൽക്കൊഞ്ച്’ ഉണ്ടാക്കിയാണ് ഇത്തവണ അദ്ദേഹം ഗൾഫ് മാധ്യമം ‘കമോൺ കേരള’യിലെ ഷെഫ് മാസ്റ്റർ പരിപാടിയിൽ തിളങ്ങിയത്.
‘പിള്ള വൈഭവം’ രുചിച്ചറിഞ്ഞ പ്രേക്ഷകരും ഹാപ്പി. ചെമ്മീൻ (കൊഞ്ച്), ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, വെളിച്ചെണ്ണ, നെയ്യ്, തേങ്ങാപ്പാൽ, മഞ്ഞൾപൊടി, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് തുടങ്ങിയ ചേരുവകളാണ് ഉപയോഗിച്ചത്. ലൈവ് കുക്കിങ്ങിനൊപ്പം ടിപ്സുകൾ നൽകി അദ്ദേഹം സദസ്സുമായി സംവദിച്ചുകൊണ്ടിരുന്നു. അവതരണ മികവും എടുത്തുപറയേണ്ടതാണ്.
ഷെഫാകാൻ ആഗ്രഹിക്കുന്നവർ എന്തെല്ലാം ശ്രദ്ധിക്കണം എന്നത് ഉൾപ്പെടെ കാര്യങ്ങൾ അദ്ദേഹം ഹൃദ്യമായി അവതരിപ്പിച്ചു. കൊല്ലം ജില്ലയിലെ തെക്കുംഭാഗം സ്വദേശിയായ ഷെഫ് പിള്ള കൊല്ലത്തെ റസ്റ്റാറന്റിൽ വെയ്റ്ററായി ജോലി തുടങ്ങി കഴിവും കഠിനാധ്വാനവും കൊണ്ട് പടിപടിയായി വളർന്ന് ബി.ബി.സിയുടെ മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയിൽ മത്സരാർഥി വരെയായി. ഇന്ത്യയിൽ ഏറ്റവും ശ്രദ്ധേയരായ സെലബ്രിറ്റി ഷെഫുമാരിൽ ഒരാളായി വളർന്ന വഴികൾ ആർക്കും പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.