സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം വ്യാഴാഴ്ച
ദുബൈ: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെച്ച സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ യാത്ര മാർച്ച് രണ്ടിന് നടക്കുമെന്ന് നാസ അറിയിച്ചു. യു.എ.ഇ സമയം രാവിലെ 9.34ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നായിരിക്കും വിക്ഷേപണം. ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വിക്ഷേപണത്തിന് രണ്ടര മിനിറ്റ് മുമ്പാണ് റദ്ദാക്കിയത്. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു റദ്ദാക്കൽ. യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിൽ എത്തിയിരുന്നു.
എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു. ആറുമാസം നീളുന്ന ദൗത്യത്തിനാണ് നിയാദി അടക്കം നാല് പേർ തയാറെടുക്കുന്നത്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് ഒപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.