അല്‍ ഐന്‍റെ 5000 വര്‍ഷം പഴക്കമുള്ള ചരിത്രവും പാരമ്പര്യവും കോര്‍ത്തിണക്കി നിര്‍മിച്ച അപൂര്‍വ കത്തി

എട്ടുലക്ഷം ദിര്‍ഹമിന്‍റെ അപൂര്‍വ കത്തി പറയും അല്‍ ഐന്‍റെ 5,000 വര്‍ഷത്തെ ചരിത്രം

അബൂദബി: യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമായ അല്‍ ഐന്‍റെ അയ്യായിരം വര്‍ഷം പഴക്കമുള്ള ചരിത്രവും പാരമ്പര്യവും കോര്‍ത്തിണക്കി നിര്‍മിച്ച അപൂര്‍വ കത്തി അബൂദബി അന്താരാഷ്ട്ര വേട്ടയാടല്‍ കുതിരപ്പന്തയ പ്രദര്‍ശനത്തില്‍ (അഡിഹെക്സ് 2026) ശ്രദ്ധേയമാകുന്നു.

തംരീന്‍ ജനറല്‍ ട്രേഡിങ് നിര്‍മിച്ച ഈ കത്തിക്ക് എട്ടു ലക്ഷത്തിലധികം ദിര്‍ഹമാണ് വിപണി മൂല്യം. പത്തുകിലോയിലധികം തൂക്കമുള്ള കത്തിയുടെ നിര്‍മാണത്തിന് 18 മാസത്തിലധികം നീണ്ട ഗവേഷണവും അധ്വാനവുമാണ് വേണ്ടിവന്നത്. ബി.സി.ഇ. (ബിഫോര്‍ കോമണ്‍ എറാ) യിലെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള അല്‍ ഐന്റെ വളര്‍ച്ചയാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

നിര്‍മാണത്തിലെ പ്രത്യേകതകള്‍

ചരിത്ര ശേഖരങ്ങളുടെ പുനരാവിഷ്‌കാരം: അല്‍ ഐനിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങളും മ്യൂസിയങ്ങളും സന്ദര്‍ശിച്ച് അപൂര്‍വ വിവരങ്ങള്‍ ശേഖരിച്ചാണ് നിര്‍മാണം. മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള പുരാതന മുദ്രകളില്‍ നിന്നുള്ള രൂപകല്‍പനകള്‍ കത്തിയുടെ ദമാസ്‌കസ് സ്റ്റീല്‍ ബ്ലേഡില്‍ കൃത്യമായി കൊത്തിവെച്ചിട്ടുണ്ട്.

ഫലജ് ജലസേചന രീതി: അല്‍ ഐനിലെ പുരാതന ജലസേചന രീതിയായ ‘ഫലജ്’ സംവിധാനത്തെയാണ് കത്തിയുടെ ഘടന പ്രതിനിധീകരിക്കുന്നത്. മലനിരകള്‍, ഭൂഗര്‍ഭ ജലപാതകള്‍, അത് ഉപരിതലത്തിലേക്ക് ഒഴുകിയെത്തുന്ന ‘ശരീഅ’ എന്ന ജലസ്രോതസ്, തുടര്‍ന്ന് അല്‍ ഐന്‍ മരുപ്പച്ചയിലെ കൃഷിഭൂമികളെ സമൃദ്ധമാക്കുന്നത് വരെയുള്ള കാര്യങ്ങള്‍ കത്തിയുടെ രൂപത്തില്‍ കാണാം.

കാലഘട്ടങ്ങളുടെ സമന്വയം: വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളെ സൂചിപ്പിക്കാന്‍ ആ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ശിലായുഗത്തെ അനുസ്മരിപ്പിക്കാന്‍ പ്രത്യേകമായി കൊത്തിയെടുത്ത കല്ല്, വെങ്കലയുഗത്തിനായി ചെമ്പ്, കൂടാതെ ഇരുമ്പ്, ചരിത്രപ്രസിദ്ധമായ ദമാസ്‌കസ് സ്റ്റീല്‍ എന്നിവയും വിളക്കിച്ചേര്‍ത്തിരിക്കുന്നു.

മനോഹരമായ പ്രദര്‍ശന വസ്തു എന്നതിലുപരി, ഇത് സാധാരണ ഉപയോഗത്തിനും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് തംരീന്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അമിരി പറഞ്ഞു. 2007 മുതല്‍ അഡിഹെക്സില്‍ സജീവ പങ്കാളികളാണ് തംരീന്‍. 2022 മുതലാണ് യു.എ.ഇയുടെ ചരിത്രവും പാരമ്പര്യവും പ്രമേയമാക്കിയുള്ള പ്രത്യേക കത്തികള്‍ കമ്പനി പുറത്തിറക്കാന്‍ തുടങ്ങിയത്.

മുന്‍ വര്‍ഷങ്ങളില്‍ ഫാല്‍ക്കണ്‍, ഫുജൈറയിലെ ബിദിയ മസ്ജിദ് ഉള്‍പ്പെടുന്ന വെങ്കലയുഗം, യു.എ.ഇ. മരുഭൂമിയെ പ്രതിനിധീകരിക്കുന്ന 'അല്‍ റംല' (മണല്‍ കത്തി) എന്നിവ പ്രമേയമാക്കി കത്തികള്‍ നിര്‍മിച്ചിരുന്നു. ഇത്തവണത്തെ അഡിഹെക്സ് പ്രദര്‍ശനത്തില്‍ സ്വന്തം ബ്രാന്‍ഡായ ‘സ്വാലിഹ്’ അടക്കം 2,000ലധികം വ്യത്യസ്ത മോഡല്‍ കത്തികള്‍ തംരീന്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Rare knife worth 800,000 dirhams reveals 5,000 years of Al Ain history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.