ബയോമെട്രിക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി കോണ്‍സുലേറ്റ്
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ വിസ, പാസ്‌പോർട്ട്, തൊഴിൽ വാഗ്ദാനങ്ങൾ നൽകി നടത്തുന്ന ബയോമെട്രിക് ഡാറ്റ തട്ടിപ്പുകൾക്കെതിരെ ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക നടപടികൾ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യക്തികളിൽ നിന്നും, പ്രത്യേകിച്ച് സാധാരണ തൊഴിലാളികളിൽ നിന്നും പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി, മുഖം, കണ്ണ്, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി.
ഇത്തരത്തിൽ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ പേരുകളിൽ അവരുടെ അറിവില്ലാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടിയെടുക്കാനും തട്ടിപ്പുകാർ മുതിരുന്നുണ്ട്. വ്യാജ സാമ്പത്തിക ഇടപാടുകൾക്ക് ഇരകളാക്കപ്പെടുന്നതോടെ പ്രവാസികൾ വലിയ സാമ്പത്തിക ബാധ്യതകൾ, പിഴ, യാത്രാവിലക്ക്, ജയിൽശിക്ഷ എന്നിവ നേരിടേണ്ടി വരും. ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നയതന്ത്ര കാര്യാലയം ഓർമിപ്പിച്ചു.
വിസ ക്രമവൽക്കരണം, എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവക്കായുള്ള ബയോമെട്രിക് പരിശോധനകൾ യു.എ.ഇ സർക്കാരിന്‍റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ മാത്രം ചെയ്യുക. കൂടാതെ, പാസ്‌പോർട്ട് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനായി അബൂദബിയിലെ ഇന്ത്യൻ എംബസിയോ ദുബൈയിലെ കോണ്‍സുലേറ്റോ വിരലടയാളമോ മറ്റ് ബയോമെട്രിക് വിവരങ്ങളോ ആവശ്യപ്പെടാറില്ല. എംബസിയുടെ പേരിൽ ഇത്തരത്തിൽ വിവരങ്ങൾ ചോദിക്കുന്ന ഏജന്‍റുമാർ തട്ടിപ്പുകാരാണെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാജ ഏജന്‍റുമാരോ വ്യക്തികളോ ബയോമെട്രിക് വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുകയാണെങ്കിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രവുമായി (പി.ബി.എസ്.കെ) ഉടൻ ബന്ധപ്പെടണം. സഹായത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിലോ, 00971543090571 എന്ന വാട്ട്‌സ്ആപ്പ്/എസ്എംഎസ് നമ്പറിലോ, pbsk.dubai@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഇന്ത്യൻ മിഷനിലോ യു.എ.ഇ അധികൃതരിലോ റിപ്പോർട്ട് ചെയ്യണമെന്നും വാർത്താക്കുറിപ്പിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.