അധ്യയന വർഷത്തിലെ ആദ്യദിനം വിദ്യാർഥികൾക്കൊപ്പം ദുബൈ പൊലീസ് ഉദ്യോഗസ്ഥർ
പുതിയ അധ്യയന വർഷം: കാവലും കരുതലുമായി ദുബൈ പൊലീസ്
ദുബൈ: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പൊലീസിന്‍റെ ട്രാഫിക് വിഭാഗം റോഡുകളിലും വിദ്യാലയ പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. ‘അപകടരഹിത ദിനം’ കാമ്പയിന്‍റെ ഭാഗമായാണ് നടപടി. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാനുമാണ് പൊലീസ് റോഡ് പട്രോളിങ് ശക്തമാക്കിയത്.
സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും പ്രധാന ജങ്ഷനുകളിലും പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ മുസബ്ബഹ് സഈദ് അൽ ഗഫ്ലി പറഞ്ഞു. മാതാപിതാക്കൾ കുട്ടികളുമായി വീടുകളിൽ നിന്നും നേരത്തെ ഇറങ്ങണമെന്നും അമിതവേഗവും തിരക്കും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനത്തിന്‍റെ ഫുട്പാത്തിനോട് ചേർന്ന വശത്തൂടെ മാത്രമേ കുട്ടികളെ പുറത്തിറക്കാവൂ. വഴിയുടെ നടുവിൽ വാഹനം നിർത്തുക, ഡബിൾ പാർക്കിങ് നടത്തുക, സ്കൂൾ കവാടങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയവ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെറിയ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ ഒറ്റക്ക് വിടാതെ സ്കൂൾ കവാടം വരെ കൂടെപ്പോകണമെന്ന് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ നിർദേശിച്ചു. സ്കൂൾ ബസുകൾ ‘സ്റ്റോപ്പ്’ ബോർഡ് ഉയർത്തിയാൽ മറ്റ് വാഹനങ്ങൾ കുറഞ്ഞത് അഞ്ചുമീറ്റർ അകലെ നിർബന്ധമായും വാഹനം നിർത്തിയിടണമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. പാർക്കിങ്ങിനായി നിശ്ചിത സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.