അഞ്ജലി വെത്തൂർ, കാർത്തിക് സന്തോഷ്
അബൂദബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചു മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ചുവരുന്ന അഞ്ചാമത് ‘സുഗതാഞ്ജലി കാവ്യാലാപന മത്സര’ത്തിന്റെ ഭാഗമായി മലയാളം മിഷൻ അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ചാപ്റ്റർതല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അഞ്ജലി വെത്തൂരും സബ്ജൂനിയർ വിഭാഗത്തിൽ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.
ഇരുവരും അബൂദബി മലയാളി സമാജം മേഖലക്ക് കീഴിലുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളാണ്. അഞ്ജലി ജെംസ് ന്യൂ മിേല്ലനിയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കാർത്തിക് സന്തോഷ് അബൂദബി മോഡൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ജൂനിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ഷാബിയാ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചാപ്റ്റർതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരിക്കും ആഗോളതല മത്സരത്തിൽ മത്സരിക്കുന്നത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കവികളുമായ നാസർ വിളഭാഗം, അനിൽ പുതുവയൽ, അനന്തലക്ഷ്മി ഷെരീഫ് എന്നിവരായിരുന്നു വിധികർത്താക്കൾ. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനംചെയ്തു. നാദലയം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.