ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികൾക്ക് കഥ എഴുതി സമ്മാനം നേടാൻ അവസരം. തെരഞ്ഞെടുക്കുന്ന കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഷാർജ നിക്ഷേപ വികസന അതോറിറ്റിയും (ശുറൂക്ക്) കലിമാത് പ്രസിദ്ധീകരണ വിഭാഗവും ചേർന്നാണ് മത്സരം ഒരുക്കുന്നത്. എഴു മുതൽ 13 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. സ്കൂളിൽ നിന്ന് ഒരുമിച്ചോ, വ്യക്തിഗതമായോ മത്സരത്തിൽ പങ്കെടുക്കാം. യർബോയ അഡ്വെഞ്ചേഴ്സ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ, ഐ ലവ് ഷാർജ ബ്രാൻഡിെൻറ ഭാഗ്യ ചിഹ്നമായ യർബോയെ കുറിച്ചാണ് കഥ എഴുതേണ്ടത്. കഥയുടെ പശ്ചാതലം, കഥാപാത്രങ്ങൾ എന്നിവയെല്ലാം ഷാർജയെ അടിസ്ഥാനമാക്കിയാവണം.
ഇംഗ്ലിഷ്, അറബി ഭാഷകളിൽ പുതുമയുള്ളതും പൂർണതയുള്ളതും 2000 വാക്കുകളിൽ ഒതുങ്ങുന്ന കഥകളായിരിക്കണം എഴുതേണ്ടത്. കുട്ടികളുടെ സർഗവാസനകൾക്ക് വളർത്തിയെടുക്കുവാനും ലോകം തന്നെ ഉറ്റുനോക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ പുസ്തകോത്സവത്തിൽ വേദികൾ നൽകുവാനും ലക്ഷ്യമിട്ടാണ് മത്സരം ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന കഥക്ക് 5000 ദിർഹം സമ്മാനം ലഭിക്കും. യർബോയ പുസ്തക പരമ്പരയിലും ഐ ലവ് ഷാർജ വെബ്സെറ്റിലും തെരഞ്ഞെടുക്കുന്ന കഥകൾ പ്രസിദ്ധീകരിക്കും. അറബിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും ഓരോ കഥകളായിരിക്കും ഒന്നാം സമ്മാനത്തിന് പരിഗണിക്കുക.
പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിലെ ഐ ലവ് യു ഷാർജ പവലിയനിൽ നേരിട്ടോ, info@ilovesharjah.ae എന്ന ഈമെയിൽ വിലാസത്തിലോ കഥകൾ അയക്കാവുന്നതാണ്. നവംബർ അഞ്ചിന് അഞ്ച് മണിക്ക് മുമ്പായി കഥകൾ ലഭിച്ചിരിക്കണം. ഏഴിന് വിജയികളെ പ്രഖ്യാപിക്കും. സമാപന ചടങ്ങിൽ വെച്ച് സമ്മാനദാനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.