മുഹമ്മദ് സബാഹുൽ
ദുബൈ: പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്താൻ വിദ്യാർഥിയുടെ വ്യത്യസ്ത ഇടപെടൽ. മലപ്പുറം ജവഹർ നവോദയ വിദ്യാർഥി മുഹമ്മദ് സബാഹുലാണ് വേനലവധിക്കാലം സ്വന്തം സ്ഥാപനത്തിനായി പ്രചാരണത്തിനായി ദുബൈയിൽ എത്തിയത്. കേന്ദ്ര സർക്കാറിന്റെ പ്രത്യേക സംവിധാനത്തിൽ പ്രവർത്തിക്കുന്ന നവോദയ വിദ്യാലയത്തിലെ സൗകര്യങ്ങളും മികവുമാണ് സബാഹ് പരിചയപ്പെടുത്തുന്നത്.
ഇന്ത്യയിൽ തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന നവോദയ സംവിധാനം ഒരു ജില്ലക്ക് ഒരു സ്ഥാപനം എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിയന്ത്രണം.
ജവഹർ നവോദയ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷകളിലേക്ക് വിദ്യാർഥികൾ കുറഞ്ഞുപോകുന്ന പശ്ചാത്തലത്തിൽ പ്രവേശന കാമ്പയിനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്ഥാപനം അവധി നൽകാറുണ്ട്.
കഴിഞ്ഞ മാർച്ചിൽ നടത്തിയ കാമ്പയിനിൽ പങ്കെടുത്ത സബാഹുലിന് നിരാശയായിരുന്നു ഫലം. രക്ഷിതാക്കളുടെ നവോദയ സ്ഥാപനങ്ങളെക്കുറിച്ചുള്ള ധാരണക്കുറവും പ്രവേശന പരീക്ഷയെക്കുറിച്ച ആശങ്കകളും വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നതായി മുഹമ്മദ് സബാഹുൽ പറഞ്ഞു.
ഇത്തരം രക്ഷിതാക്കൾക്ക് തന്റെ അനുഭവം പങ്കുവെക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. ദുബൈയിലെ താമസകൂട്ടായ്മയായ ശബാബ് ഹോംസിൽ അതിഥിയായെത്തിയ മുഹമ്മദ് സബാഹ് മലപ്പുറം തിരൂരിൽ അയ്യായ സ്വദേശിയാണ്.
ഗവേഷകൻ ശരീഫ് മലബാറിന്റെയും അധ്യാപിക സബിത റഹ്മാന്റെയും മകനാണ്. ജവഹർ നവോദയയെക്കുറിച്ച് അറിയാൻ സബാഹിനെ ബന്ധപ്പെടാം: +971509179122.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.