ദുബൈ: തുടർച്ചയായി നാലാം ദിനവും ഇറാനിൽ നിന്ന്​ തുടരെ ഡ്രോണുകൾ എത്തിയെങ്കിലും ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം ആശ്വാസ പ്രഖ്യാപനങ്ങളും നടത്തി യു.എ.ഇ. വ്യോമപാത അടച്ചതിനെ തുടർന്ന്​ രാജ്യത്ത്​ കുടുങ്ങിയവരുടെ വിസ പിഴകൾ ഒഴിവാക്കി.

ഫെബ്രുവരി 28 ന് ശേഷം സന്ദർശകവിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ബാധകം. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും ഫൈൻ ഉണ്ടാവില്ലെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ​ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.

അതേസമയം, ഇന്നലെ രാജ്യത്തേക്ക്​ മൂന്ന്​ ബാലിസ്​റ്റിക്​ മിസൈലുകളും 129 ഡ്രോണുകളും എത്തിയതായി യു.എ.ഇ വ്യോമ ​​പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ മൂന്ന്​ ബാലിസ്റ്റിക്​ മിസൈലുകളും 121 ഡ്രോണുകളും ആകാശത്ത്​ വെച്ചുതന്നെ വ്യോമ ​പ്രതിരോധ സംവിധാനം ഉപയോഗിച്ച്​ തടയാൻ കഴിഞ്ഞതായി പ്രതിരോധ മന്ത്രാലയം എക്സ്​ എകൗണ്ടിലുടെ വ്യക്​തമാക്കി.

എട്ട്​ ഡ്രോണുകൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പതിച്ചതായും സ്ഥിരീകരിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചത്​ മുതൽ ഇതുവരെ 189 ബാലിസ്റ്റിക്​ മിസൈലുകളാണ്​ രാജ്യത്തേക്ക്​ എത്തിയത്​. ഇതിൽ 175 എണ്ണവും തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനത്തിന്​ കഴിഞ്ഞു. 13 മിസൈലുകൾ കടലിൽ പതിച്ചു. ഒരു മിസൈൽ കരയിൽ വീണു. ഇതുവരെ 941 ഇറാൻ ഡ്രോണുകൾ എത്തിയെങ്കിലും 876 എണ്ണവും പ്രതിരോധിക്കാനായി. 65 എണ്ണം വിവിധ പ്രദേശങ്ങളിൽ വീണതായും സ്ഥീകരിച്ചിട്ടുണ്ട്​. എട്ട്​ ക്രൂസ്​ മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെങ്കിലും മുഴുവനും യു.എ.ഇ ഫലപ്രദമായി പ്രതിരോധിച്ചു​.

അതേസമയം, ആക്രമണങ്ങളിൽ ഇതുവരെ രാജ്യത്ത്​ മൂന്ന്​ മരണങ്ങളാണ്​ സ്ഥിരീകരിച്ചത്​. പാകിസ്താൻ,​ നോപ്പൾ, ബംഗ്ലാദേശ്​ സ്വദേശികളാണ് കൊല്ലപ്പെട്ടവർ​.

ഇന്ത്യ, ഈജിപ്ത്​, സുഡാൻ​, ഇത്യോപ്യ, ഫിലിപ്പീൻസ്​, പാക്സിതാൻ, ഇറാൻ, ബംഗ്ലാദേശ്​, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനാൻ, അഫ്​ഗാൻ, യു.എ.ഇ പൗരൻമാർ എന്നിവർ ഉൾപ്പെടെ 78 പേർക്ക്​ നിസാര പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കേട്ട അതിഭീകര ശബ്​ദം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക്​ മിസൈലുകൾ, ​ക്രൂസ്​ മിസൈലുകൾ, ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതിന്‍റെതാണെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

പ്രതിരോധ സംവിധാനത്തിന്‍റെ നീക്കത്തിൽ​ ചില കെട്ടിടങ്ങക്ക്​ ചെറിയ കേടുപാടുകൾ സംഭവിക്കുകയും നിരവധി സിവിലയൻമാർക്കും നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​. രാജ്യത്തിന്‍റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും എതിരെ​ നടക്കുന്ന നഗ്​നമായ ലംഘനമാണ്​ ഈ ആക്രമണങ്ങൾ. ഏത്​ വിധേനയും ഈ ആക്രമണങ്ങൾ പ്രതിരോധിക്കാനും രാജ്യത്തിന്‍റെ അതിർത്തി സംരക്ഷിക്കാനും ജനങ്ങളേയും താമസക്കാരേയും സുരക്ഷിതാരാക്കാനും ആവശ്യമായ നടപടികൾ കൈകൊള്ളാൻ രാജ്യത്തിന്​ അവകാശമുണ്ടെന്ന്​ മന്ത്രാലയം ആവർത്തിച്ച്​ വ്യക്​തമാക്കി. ഏത്​ തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Strong defense; safety and security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.