ദുബൈ: കോവിഡിൽ ലോകമേളകൾ പലതും നിലച്ചെങ്കിലും ലോകത്തിലെ മൂന്നാമത്തെ മഹാപുസ്തക മേളയായ ഷാർജ മേളക്ക് കോവിഡിനും തടയിടാനായില്ല. ലോകം ഷാർജയിൽനിന്ന് വായിക്കുന്നു എന്ന ശീർഷകത്തിൽ ആരംഭിച്ച 39ാമത് മേള, യഥാർഥത്തിൽ ലോകത്തെ പലതും പഠിപ്പിക്കുകയാണ്. മഹാമാരി കാലത്തും എങ്ങനെ മേള നടത്തി വിജയിപ്പിക്കാമെന്ന പുതിയ പാഠമാണ് ഷാർജ ലോകത്തിന് മുന്നിൽ തുറന്നുവെച്ചിരിക്കുന്നത്. എങ്കിലും കോവിഡിനെ തുരത്താൻ പഴുതടച്ച ആരോഗ്യ സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അൽപംപോലും അമാന്തം കാട്ടാതെയാണ് അക്ഷരങ്ങളുടെ ആഘോഷപരിപാടി ഇപ്പോഴും പുരോഗമിക്കുന്നത്.
സ്ഥിരം പട്രോളിങ്ങിനു പുറമെ ഡ്രോണുകളിലും നിരീക്ഷണം നടത്തിയാണ് ഷാർജ പൊലീസ് കോവിഡ് സുരക്ഷ ഉറപ്പുവരുത്തുന്നതെങ്കിൽ ഓരോ ദിവസവും അഞ്ചു മണിക്കൂർ അണുനശീകരണം നടത്തിയാണ് ഷാർജ ബുക്ക് അതോറിറ്റി കോവിഡിനെ നിയന്ത്രിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിൽ പുരോഗമിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എന്നാൽ, കോവിഡിനെ വായിച്ചെടുക്കാൻ നിയന്ത്രണമൊന്നുമില്ല. ഒട്ടുമിക്ക മിക്ക ഭാഷകളിലും കോവിഡിനെ കുറിച്ച രചനകളുണ്ട്. 'ഒരു നിയന്ത്രണവുമില്ലാതെ' പുസ്തകത്താളുകളിലൂടെ 'വ്യാപിക്കുകയാണ്' കോവിഡ്-19. പുസ്തകമേളയിൽ കോവിഡ് ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രം അര ഡസനിലേറെ പുസ്തകങ്ങൾ കൊറോണയെ കുറിച്ചാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ക്ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഫാങ് ഫാങ് എന്ന് ചൈനീസ് എഴുത്തുകാരി. വുഹാൻ ഡയറി എന്ന പേരിൽ പ്രവീൺ രാജേന്ദ്രൻ, പ്രതിഭ ആർ.കെ, അനു കെ. ആൻറണി എന്നിവരാണ് ഇത് മലയാളിത്തിലേക്ക് മൊഴി മാറ്റിയത്.
ഒലീവ് പബ്ലിക്കേഷൻസാണ് പുസ്തകം മേളയിലെത്തിച്ചിരിക്കുന്നത്. ലോകത്തിന് മുന്നിൽ കോവിഡ് എന്ന മഹാമാരി ദുരന്തമുഖം തീർത്തതിെൻറ ഭീതി അക്ഷരങ്ങളിലൂടെ പങ്കുവെക്കുന്ന ഇൗ കൃതി വായനക്കാർക്കിടയിലും നല്ല മതിപ്പുളവാക്കിയിട്ടുണ്ട്.
കോവിഡിന് പിന്നിലെ രാഷ്ട്രീയം പങ്കുവെക്കുന്ന മറ്റൊരു കൃതിമാണ് 'കോവിഡ്-19 രാഷ്ട്രീയം, സാമ്പത്തികം, പ്രചാരണം' എന്ന പുസ്തകം. മാധ്യമപ്രവർത്തകൻ എ.വി. അനിൽകുമാർ തയാറാക്കിയ ഇൗ പുസ്തകം കോവിഡ് മാറ്റിമറിച്ച ലോകക്രമത്തെ ഇഴകീറിതന്നെ പരിശോധിക്കുന്നതാണ്.ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ, ബി. ഇക്ബാലിെൻറ 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം', ഡോ. എൻ. അജയെൻറ 'അക്കൽദാമയിലെ കൊറോണ പൂക്കൾ' എന്നീ പുസ്തകങ്ങളും കോവിഡ് കാലത്തെ മേളയിൽ വായനക്കാരെ കാത്തിരിക്കുന്നുണ്ട്. ഡോ. കെ.എക്സ് ട്രീസ്റ്റ എഴുതിയ കോവിഡ് പ്രതിരോധ കവിതകളായ തിരിച്ചറിവുകൾ, ഹസ്സൻ തിക്കോടിയുടെ കോവിഡ് കാലത്തെ അമേരിക്കൻ ഓർമകൾ എന്നിവയാണ് മറ്റു കോവിഡ് പുസ്തകങ്ങൾ. ലിപി പബ്ലിക്കേഷൻസാണ് പുസ്തകങ്ങൾ മേളയിലെത്തിച്ചിരിക്കുന്നത്.കൊറോണക്കാലത്തെ ഒറ്റപ്പെടലിെൻറ നീറ്റലുകൾ പങ്കുവെച്ച് പ്രകാശൻ തണ്ണീർമുക്കം എഴുതിയ 'കോവിഡ്കാല പ്രണയകഥകൾ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.