പ്രതീകാത്മക ചിത്രം
അബൂദബി: അബൂദബിയിലെ ചില പ്രധാന റോഡുകളില്‍ വേഗപരിധി കുറച്ചുള്ള നിയമ നടപടികൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുക, അപകടങ്ങള്‍ കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് വേഗപരിധി കുറച്ചിരിക്കുന്നത്. അബൂദബി മൊബിലിറ്റിയുടെ ഏകോപനത്തില്‍ സംയുക്ത ഗതാഗത സുരക്ഷാ സമിതിയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
അബൂദബി-അല്‍ഐന്‍ റോഡി (ഇ22) ല്‍ പരമാവധി വേഗപരിധി 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായി കുറച്ചു എന്നതാണ് പ്രധാന തീരുമാനം. അല്‍ നഹ്ദ ഇന്‍റര്‍ചേഞ്ച് മുതല്‍ ബനിയാസ് ഇന്‍റര്‍ചേഞ്ച് വരെയുള്ള പ്രദേശത്ത് ഇരുവശങ്ങളിലേക്കും നിയന്ത്രണം ബാധകമാണ്. ബനിയാസ് ഇന്‍റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള പാതയിലും പരമാവധി വേഗപരിധിയില്‍ കുറവുവരുത്തി.
140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായാണ് ഇവിടെ പരമാവധി വേഗത. ഇരുവശത്തേക്കും ഈ വേഗപരിധി ബാധകമാണ്. അല്‍ റവ്ദ റോഡില്‍ (ഇ30) വേഗപരിധി 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു. പരിഷ്‌കരിച്ച വേഗപരിധി പാലിക്കണമെന്നും വഴിയോരങ്ങളിലെ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിച്ച് നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. അബൂദബി നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വേരിയബില്‍ സ്പീഡ് ലിമിറ്റ് (വി.എസ്.എല്‍) സംവിധാനം നേരത്തെ ഏർപ്പെടുത്തിയിരുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും ഉദ്ദേശിച്ചാണ് യഥാസമയത്തെ സാഹചര്യമനുസരിച്ച് മാറുന്ന വേഗ പരിധി സംവിധാനം നടപ്പാക്കിയത്.
തിരക്കേറിയ സമയം, എന്തെങ്കിലും സംഭവങ്ങള്‍ നടന്നാല്‍, കാലാവസ്ഥ, നിര്‍മാണ മേഖല തുടങ്ങിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഗപരിധി നിശ്ചയിക്കുന്ന ഇലക്ട്രോണിക് മുന്നറിയിപ്പ് ബോര്‍ഡുകളാണ് വി.എസ്.എല്‍ സംവിധാനം ഉപയോഗിക്കുന്നത്. സെന്‍സറുകള്‍ അല്ലെങ്കില്‍ ട്രാഫിക് കാമറകള്‍ നല്‍കുന്ന ഡേറ്റ വിശകലനം ചെയ്യുന്ന കേന്ദ്രീകൃത നിയന്ത്രണ സംവിധാനവുമായാണ് ഈ വി.എസ്.എല്‍ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്. മഴ, മൂടല്‍ മഞ്ഞ്, മണല്‍ക്കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകളില്‍, ഗതാഗതത്തിരക്കുള്ള സമയങ്ങള്‍, ഗതാഗതത്തെ ബന്ധിക്കുന്ന പ്രധാന സംഭവങ്ങള്‍, റോഡ് നിര്‍മാണം അല്ലെങ്കില്‍ പാതകള്‍ അടിച്ചിടുന്ന സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് വേഗപരിധി യഥാസമയങ്ങളില്‍ നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.