ദുബൈ: റമദാനിൽ ഏഴുകോടി ദിർഹമിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് ബൈത്തുൽ ഖൈർ സൊസൈറ്റി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളേയും അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരേയും പിന്തുണക്കുന്നതിനായി എട്ട് പ്രോഗ്രാമുകളിലായാണ് ഇത്തവണ റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുക. 16 ലക്ഷം പേർക്ക് ഇത്തവണ റമദാൻ കിറ്റുകൾ വിതരണം ചെയ്യും.
കൂടാതെ, പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണം, അടിയന്തര സഹായങ്ങൾ എന്നിവയും ഉറപ്പുവരുത്തും. 2026 കുടുംബവർഷമായി ആചരിക്കുന്നതിനോട് ചേർന്ന് നിൽക്കുന്ന സംരംഭത്തിലൂടെ റമദാനിൽ വ്യക്തികളുടെ സാമ്പത്തിക സമ്മർദം കുറക്കുകയും കുടുംബങ്ങളുടെ സ്ഥിരതയെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ബൈത്തുൽ ഖൈർ സൊസൈറ്റിയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കൺസൽട്ടന്‍റ് ഖലീഫ അൽ ഫലാസി പറഞ്ഞു. കുടുംബങ്ങളുടെ സ്ഥിരതയെ ശക്തിപ്പെടുത്തുകയും ആവശ്യക്കാർക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26.5 ദശലക്ഷം ദിർഹമാണ് അടിയന്തര സഹായമെത്തിക്കുന്നതിനായി നീക്കിവെച്ചിട്ടുള്ളത്.
വാടക കുടിശ്ശിക അടച്ച് താമസയിടങ്ങളിൽനിന്ന് പുറത്താക്കുന്ന സാഹചര്യം ഒഴിവാക്കുക, ജല, വൈദ്യുതി ബിൽ കുടിശ്ശിക അടക്കാൻ സഹായിക്കുക, മെഡിക്കൽ ചികിത്സ, അവശ്യ മരുന്നുകളുടെ വിതരണം, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പിന്തുണക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. 16 ലക്ഷം പേർക്ക് സൗജന്യമായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 18 ദശലക്ഷം ദിർഹം അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലുടനീളമുള്ള 18 റമദാൻ ടെന്‍റുകൾ, 97 വിതരണ പോയന്‍റുകൾ എന്നിവ വഴിയായിരിക്കും കിറ്റുകൾ വിതരണം ചെയ്യുക. മീർ റമദാൻ ഭക്ഷണ പാർസൽ പ്രോഗ്രാമിനായി 70 ലക്ഷം ദിർഹവും അനുവദിച്ചിട്ടുണ്ട്.
കുറഞ്ഞ വരുമാനമുള്ള ഇമാറാത്തി കുടുംബങ്ങൾക്ക് പ്രതിമാസ സഹായം എത്തിക്കുന്നതിനായി 7.6 ദശലക്ഷം ദിർഹവും അനുവദിച്ചതായി ഖലീഫ അൽ ഫലാസി പറഞ്ഞു. ഫിത്ർ സകാതിനായി 25 ലക്ഷം ദിർഹം, ഇദിയ നൽകുന്നതിന് 12 ലക്ഷം ദിർഹം എന്നിവയും അനുവദിച്ചിട്ടുണ്ട്. യോഗ്യരായ 65,000ത്തിലധികം ഗുണഭോക്താക്കളുടെ ഡേറ്റ ബേസിനെയാണ് ബൈത്തുൽ ഖൈർ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.