ദുബൈ: അപകടങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾക്ക് പുറമെ അപകടമുണ്ടായാൽ ഉടൻ രക്ഷാസംവിധാനമൊരുക്കാനും സ്മാർട്ട് നടപടികളുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ലോകത്ത് ആദ്യമായി സ്മാർട്ട് നമ്പർ പ്ലേറ്റുകൾ അടുത്ത മാസം മുതൽ ദുബൈയിൽ പരീക്ഷിക്കാനാണ് ആർ.ടി.എ ഒരുങ്ങുന്നത്. അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതമോ ഉണ്ടായാലുടൻ പൊലീസിനും ആംബുലൻസ് സേവന കേന്ദ്രത്തിലേക്കും സന്ദേശം എത്തുന്ന രീതിയിലാണ് നമ്പർ പ്ലേറ്റുകൾ ക്രമീകരിക്കുന്നത്. വേൾഡ് ട്രേഡ് സെൻററിൽ ഇന്നലെ ആരംഭിച്ച ദുബൈ ഇൻറർനാഷനൽ ഗവർമെൻറ് അച്ചീവ്മെൻറ്സ് എക്സിബിഷനിലാണ് പുതിയ നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ജി.പി.എസും ട്രാൻസ്മിറ്ററും മൈക്രോ ചിപ്പുമാണ് ഇൗ ഡിജിറ്റൽ പ്ലേറ്റിലുണ്ടാവുക.
വാഹനത്തെയും ഡ്രൈവറുടെ രീതികളും കൺട്രോൾ സെൻററിലിരുന്ന് നിരീക്ഷിക്കാനും ആവശ്യാനുസരണം നിർദേശം നൽകാനും പുതിയ സംവിധാനം വഴി സാധിക്കും. ഇൗ നമ്പർ പ്ലേറ്റിൽ അധിഷ്ഠിതമായി ഫീസുകളും ഫൈനുകളും അടക്കാനും മറ്റും കഴിയുമെന്നതിനാൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയം പോലും ലാഭിക്കാനാകുമെന്ന് ആർ.ടി.എ ലൈസൻസിങ് വിഭാഗം ഡയറക്ടർ സുൽത്താൻ അൽ മർസൂഖി പറഞ്ഞു.
മെയ് മാസം മുതൽ ഇൗ വർഷം അവസാനം വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നമ്പർ പ്ലേറ്റുകൾ എല്ലാ വിധ പോരായ്മകളും പരിഹരിച്ച് അടുത്ത വർഷം മുതൽ സമ്പൂർണമായി നടപ്പാക്കാനാണ് ആലോചനയെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.