ദുബൈ: ബലി പെരുന്നാൾ അവധിക്കാലത്ത് സന്ദർശകർക്കായി പ്രത്യേക പരിപാടികൾ പ്രഖ്യാപിച്ച് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. എല്ലാ പ്രായത്തിലുമുള്ള കുടുംബാംഗങ്ങൾക്കുംവേണ്ടി രൂപകൽപനചെയ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ബഹിരാകാശത്തിലൂടെ വെർച്വൽ യാത്ര, റോബോട്ടുകളുമായി നേരിട്ടുള്ള സംസാരം, മ്യൂസിയത്തിന്റെ ഫ്യൂചറിസ്റ്റിക് സെക്ഷനിൽ ഫോട്ടോ അവസരം എന്നിവയാണ് പരിപാടിയുടെ ഭാഗമായി സന്ദർശകർക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്.
ഒ.എസ്.എസ് ഹോപ് ഓർബിറ്റിങ് സ്റ്റേഷനിൽ സന്ദർശകർക്ക് ബഹിരാകാശ പര്യവേക്ഷണ അനുഭവം ആസ്വദിക്കാൻ അവസരമുണ്ടാകും. സ്റ്റേഷനിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കുന്ന പരിപാടിയിൽ 2071ൽ ദുബൈയും ലോകവും എങ്ങനെയായിരിക്കുമെന്ന് കാണാനാകും. രണ്ടാം നിലയിൽ ‘നാളെ, ഇന്ന്’ എന്ന പ്രദർശനത്തിലാണ് സന്ദർശകർക്ക് അമേക്ക എന്ന ഹ്യൂമനോയിഡ് റോബോട്ടുമായി സംവദിക്കാൻ അവസരമുള്ളത്.
ഇവിടെ ഒന്നിലധികം ഭാഷകളിൽ ചോദ്യങ്ങൾ ചോദിക്കാനും ഫോട്ടോകൾ പകർത്താനും അനുവാദമുണ്ടാകും. ആർട്ടിസ്റ്റ് റെഫിക് അനഡോളിന്റെ ‘എർത്ത് ഡ്രീംസ്’ പ്രദർശനത്തിൽ, മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും.
‘ദ വിവാരിയം’ എന്ന പ്രദർശനത്തിൽ പരിസ്ഥിതി രൂപകൽപനയുടെ നൂതന മാതൃക കാണാനാകും. ഒന്നാം നിലയിൽ ‘ഫ്യൂച്ചർ ഹീറോസ്’ എന്ന കുട്ടികൾക്കായുള്ള കളിസ്ഥലവുമുണ്ടാകും. രസകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ കഴിവുകൾ വികസിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഈ സ്ഥലം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.