വിവിധ രാജ്യക്കാരായ ആരോഗ്യപ്രവർത്തകർ ചേർന്ന് ഒരുക്കിയ ഐക്യദാർഢ്യ പരിപാടി
അബൂദബി: രാജ്യം മുഴുവൻ യു.എ.ഇക്ക് ഐക്യദാർഢ്യവുമായി രംഗത്തിറങ്ങുമ്പോൾ വ്യത്യസ്തമായ ചടങ്ങൊരുക്കി റെക്കോഡ് നേട്ടം കൈവരിച്ച് ബുർജീൽ ഹോൾഡിങ്സ്. ഫിലിപ്പൈൻസ്, ഇന്ത്യ, യു.കെ തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ആരോഗ്യപ്രവർത്തകരെ അണിനിരത്തിയാണ് ഐക്യദാർഡ്യ പരിപാടി ഒരുക്കിയത്. ‘ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് പ്രമുഖ മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ് ഇതിലൂടെ സ്വന്തമാക്കിയത്. നേരത്തെ 2019ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
അബൂദബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപന ചടങ്ങിലായിരുന്നു പ്രകടനം. റെക്കോർഡിന് അർഹമായ 64 ദേശീയതകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. അബൂദബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ചാണ് 85 മീറ്റർ നീളവും 200 കി.ഗ്രാമിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യപ്രവർത്തകരുടെ സംഘം 100 മീറ്ററിലധികം ദൂരം നടന്നത്. ‘നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യദാർഢ്യ പ്രകടനം.
യു.എ.ഇയുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതിഫലനമാണ് ഈ റെക്കോഡെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ചരിത്രനേട്ടത്തിൽ യു.എ.ഇ ആരോഗ്യമേഖലയിൽ നിർണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പങ്കാളികളായി. ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.