അൽഐൻ: സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ അവസ്ഥ നിരീക്ഷിക്കുകയും വിവരങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് അൽഐൻ സിറ്റി മുനിസിപ്പാലിറ്റി. നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുക, കാര്യക്ഷമത വർധിപ്പിക്കുക, റോഡുകളുടെ സുസ്ഥിരതയെ പിന്തുണക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അൽഐൻ നഗരത്തിനകത്തും പുറത്തുമുള്ള മുഴുവൻ റോഡുകളിലും പദ്ധതി ഉപയോഗപ്പെടുത്തുമെന്ന് അസ്സറ്റ്സ് മാനേജ്മെന്റ് ഡിപാർട്ട്മെന്റ് ഡയറക്ടർ എൻജിനീയർ റാശിദ് ഹമദ് അൽ നുഐമി പറഞ്ഞു. ഇക്കഴിഞ്ഞ മേയിൽ 2551 കിലോമീറ്റർ റോഡുകളിലെ ഡാറ്റകൾ ശേഖരിച്ചിരുന്നു. ഇതിൽ 1005.77 കിലോമീറ്റർ റോഡുകളിലെ ഡാറ്റകൾ സ്മാർട്ട് സംവിധാനത്തിലൂടെ വിലയിരുത്തുകയും ചെയ്തു. റോഡിന്റെ ഉപരിതലപ്രതലങ്ങൾ വിലയിരുത്തുന്നതിനും വിള്ളലുകളും ചരിവുകളും കണ്ടെത്തുന്നതിനും റോഡിലെ പരുക്കൻ അവസ്ഥ അളക്കുന്നതിനും പദ്ധതി കൂടുതൽ കൃത്യതയുള്ള ലേസർ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
കൂടാതെ നടപ്പാതയുടെ കനം പരിശോധിക്കുന്നതിനും ഉപരിതലത്തിനടിയിലെ പാളികൾ പഠിക്കുന്നതിനും നിലത്ത് തുളച്ചുകയറുന്ന റഡാറും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ 3ഡി മോഡലുകൾ സൃഷ്ടിക്കുന്നതിന് ലിഡാർ സാങ്കേതികവിദ്യ നടപ്പാതകൾ, വിളക്ക് തൂണുകൾ തുടങ്ങിയ റോഡ് സവിശേഷതകൾ സ്കാൻ ചെയ്യും.
കൃത്യതയും വിശകലനവും മെച്ചപ്പെടുത്തുന്നതിന് ഈ ഉപകരണങ്ങൾക്ക് നിർമിതബുദ്ധിയുടെയും ഭൂമിശാസ്ത്ര വിവരസംവിധാനങ്ങളുടെയും പിന്തുണയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.