അജ്മാന്: എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് വേഗപ്പൂട്ടുകൾ സ്ഥാപിക്കുന്നു. യു.എ.ഇയിൽ ആദ്യമായി അജ്മാനിലാണ് പുതിയ സ്മാർട്ട് സംവിധാനം ടാക്സികളിലും ലിമോസിനുകളിലും സ്ഥാപിക്കുന്നത്. റോഡുകളിലെ വേഗപരിധിക്ക് അനുസരിച്ച് ടാക്സി കാറുകളുടെ വേഗം നിയന്ത്രിക്കുന്ന സംവിധാനമാണ് സ്മാർട്ട് വേഗപ്പൂട്ട്. ഇത് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഓരോ പ്രദേശത്തും അനുവദിച്ച വേഗത്തിൽ മാത്രമേ സഞ്ചരിക്കാനാകൂ. കൂടുതൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹന വേഗം നിയന്ത്രിക്കാനും റോഡുകളിലെ അപകടകരമായ പെരുമാറ്റം കുറക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
നൂതന സംവിധാനങ്ങളുള്ള പുതിയ ഉപകരണം വാഹനത്തിന്റെ തത്സമയ സ്ഥാനവും ഓരോ പ്രദേശത്തും നിശ്ചയിച്ചിട്ടുള്ള വേഗ പരിധികളും സ്വയം തിരിച്ചറിയും. കൂടാതെ ഉയർന്ന കൃത്യതയോടെ പ്രദേശങ്ങളുടെ ഡേറ്റ ശേഖരിക്കുകയും ചെയ്യും. തുടർന്ന് വാഹനങ്ങൾക്ക് അനുവദിച്ച വേഗത്തെ നിലവിലെ സ്ഥലവുമായി താരതമ്യം ചെയ്ത് സ്വയം നിയന്ത്രിക്കും.
ഓരോ പ്രദേശത്തിനും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സംവിധാനം, വേഗ നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയം, നിർദിഷ്ട വേഗ പരിധികൾ പാലിക്കുന്നതിനായി യഥാസമയം തുടർച്ചയായി ഡേറ്റ അപ്ഡേറ്റുകൾ എന്നിവ പുതിയ സംവിധാനത്തിന്റെ പ്രത്യേകതകളാണ്. റോഡിലെ അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കുറക്കുന്നതിനൊപ്പം യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ മെച്ചപ്പെടുത്താനാകുമെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.