ദുബൈ ചാരിറ്റി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് സംബന്ധിച്ച കരാറിൽ ഡി.സി.എ സി.ഇ.ഒ അഹമ്മദ് അൽസുവൈദിയും ഹോട്ട്പാക്ക് സി.ഒ.ഒ പി.ബി. സൈനുദ്ദീനും ഒപ്പുവെക്കുന്നു
ദുബൈ: ദുബൈ ചാരിറ്റി അസോസിയേഷന്റെ (ഡി.സി.എ) വിവിധ സാമൂഹികക്ഷേമ പ്രവർത്തങ്ങളിൽ പങ്കാളികളായി പ്രമുഖ പാക്കേജിങ് നിർമാതാക്കളായ ഹോട്ട്പാക്ക്. ദുബൈ ചാരിറ്റി അസോസിയേഷന്റെ കീഴിൽ നിലവിൽ നടന്നുവരുന്ന മനുഷ്യാവകാശ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായം നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
മുഹൈസിനയിലെ ഡി.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.സി.എ സി.ഇ.ഒ അഹമ്മദ് അൽ സുവൈദിയും ഹോട്ട്പാക്ക് സി.ഒ.ഒ പി.ബി. സൈനുദ്ദീനുമാണ് കരാറിൽ ഒപ്പുവെച്ചത്. ചടങ്ങിൽ ഡി.സി.എയുടെ പാർട്ണർഷിപ് ആൻഡ് കമ്യൂണിക്കേഷൻസ് തലവൻ റവാൻ സാഡ്, ഹോട്ട്പാക് ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപറേഷൻസ്) മുജീബ് റഹ്മാൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കരാറിന്റെ ഭാഗമായി ദുബൈയിലെ ഹോട്ട്പാക്ക് റീട്ടെയിൽ ഷോറൂമുകളിൽ ‘സ്മാർട്ട് ഡൊണേഷൻ കിയോസ്ക്’ സംവിധാനം സ്ഥാപിക്കും. ഷോറൂമിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഈ കിയോസ്ക് വഴി ദുബൈ ചാരിറ്റി അസോസിയേഷന്റെ വിവിധ മനുഷ്യാവകാശ പദ്ധതികൾക്ക് എളുപ്പത്തിൽ സംഭാവന നൽകാം. അതേസമയം, ഡി.സി.എയുടെ ‘ബിഷാറ ലോയൽറ്റി കാർഡ്’ കൈവശമുള്ളവർക്ക് യു.എ.ഇയിലുടനീളമുള്ള 21 ഹോട്ട്പാക്ക് ഷോറൂമുകളിൽ പ്രത്യേക വിലക്കുറവും ലഭിക്കും. റമദാൻ ഉൾപ്പെടെയുള്ള പ്രധാന സേവനപ്രവർത്തന കാമ്പയിനുകൾക്കും കമ്പനി പിന്തുണ നൽകുമെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഇ.ഒ പി.ബി. അബ്ദുൽ ജബ്ബാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.