ഷാർജ കെ.എം.സി.സി ഒരുക്കിയ ഇഫ്താർ ടെന്റിൽ നോമ്പുതുറക്കുന്നവർ
ദുബൈ: റമദാന് തുടക്കമായതോടെ രാജ്യമൊട്ടാകെ വിവിധ കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇഫ്താർ ടെന്റുകളും സജീവമായി. റമദാൻ 30 വരെ ഇഫ്താർ ടെന്റുകളിൽ നോമ്പുതുറ തുടരും. കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ ഇഫ്താർ ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. അബൂദബി ഗ്രാൻഡ് മോസ്കിലും ഫുജൈറ ഗ്രാൻഡ് മോസ്കിലും റമദാൻ ഒന്നുമുതൽ ഇഫ്താറുകൾ തയാറാക്കിയിരുന്നു. ഷാർജ കെ.എം.സി.സി ഇഫ്താർ ടെന്റിലെ ഒന്നാം ദിവസത്തെ നോമ്പുതുറ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി നസീർ സ്വാഗതവും ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ത്വയ്യിബ് ചേറ്റുവ ഖിറാഅത്ത് നടത്തി. അൻസാരി മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ആയിരത്തിൽപരം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളേക്കാൾ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേര ഈദ്ഗാഹിൽ ദുബൈ കെ.എം.സി.സി ഒരുക്കിയ ഇഫ്താറിൽ പങ്കെടുക്കുന്നവർ
കെ.എം.സി.സിയുടെ ഈ വർഷത്തെ സമൂഹ ഇഫ്താറിന് വേദിയാകുന്നത് ദുബൈയിലെ ദേര ഈദ് ഗാഹാണ്. ആദ്യ ദിനം മൂവായിരം പേർ നോമ്പ് തുറക്കാനെത്തി.
ദേശ, ഭാഷാ, വർണ, വർഗ വ്യത്യാസമില്ലാതെ ആയിരങ്ങളെ റമദാനിലെ 30 ദിനവും കെ.എം.സി.സി വിരുന്നൂട്ടും. ഫ്രൂട്ട്സ്, ജ്യൂസ്, വെള്ളം, സംഭാരം, ബിരിയാണി തുടങ്ങി വിഭവസമൃദ്ധമായ നോമ്പുതുറയാണ് കെ.എം.സി.സി ഒരുക്കുന്നത്. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ), ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഔഖാഫ്, ദുബൈ പൊലീസ് തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അംഗീകാരത്തോടെയാണ് ദുബൈ കെ.എം.സി.സി നഗരഹൃദയമായ ദേര ഈദ്ഗാഹിൽ ഇഫ്താർ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.