ലൈഫ് ബോയ് റോബോട്ട്
ദുബൈ: എമിറേറ്റിലെ ബീച്ചുകളിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ റോബോട്ടുകളും ഡ്രോണും ഉൾപ്പെടുന്ന സ്മാർട്ട് റെസ്ക്യൂ സംവിധാനം അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻ മുങ്ങിത്താഴുന്നവരുടെ അരികിലേക്ക് പറന്നെത്തുന്ന ലൈഫ് ബോയ് ഡ്രോണുകളും, നീന്തിയെത്തുന്ന ലൈഫ് ബോയ് റോബോട്ടുകളുമാണ് സ്മാർട്ട് റെസ്ക്യൂ സംവിധാനത്തിന്‍റെ പ്രത്യേകത. കടലിൽ മുങ്ങിയവർക്ക് പിടിച്ചു കിടന്ന് കരയിലേക്ക് എത്താൻ ഈ ഉപകരണങ്ങൾ സഹായിക്കും. രക്ഷാപ്രവർത്തനത്തിന്‍റെ വേഗത കൂട്ടാനാണ് പുതിയ സംവിധാനം.
റിമോർട്ടിൽ നിയന്ത്രിക്കാവുന്നതും സ്വയം പ്രവർത്തിപ്പിക്കാവുന്നതുമായ ലൈഫ് ബോയ് റോബോട്ടുകൾ പരമ്പരാഗത ലൈഫ് ഗാർഡുകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളേക്കാൾ അഞ്ചിരട്ടി വേഗതയിൽ പ്രവർത്തിക്കും. കാഴ്ച പരിധിക്കുള്ളിൽ ഒരു കിലോമീറ്റർ വരെ ദൂരപരിധിയിൽ 500 കിലോഗ്രാം വരെ വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയുമുണ്ട്.
വെല്ലുവിളി നേരിടുന്ന അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്‍റെ രൂപകൽപന. പ്രാരംഭ ഘട്ട രക്ഷാപ്രവർത്തനത്തിൽ ശാരീരിക അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം മുങ്ങിത്താഴ്ന്നുവരുടെ അടുത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ ലൈഫ് ഗാർഡുകളെ റോബോട്ട് സഹായിക്കുകയും ചെയ്യും. അപകടസ്ഥലത്തേക്ക് വേഗത്തിൽ പറന്നെത്താൻ ലൈഫ് ബോയ് ഡ്രോണുകൾക്ക് സാധിക്കുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലും അപകടരഹിതമായും നടത്താൻ സാധിക്കും. തൽസമയ വിവരങ്ങൾ നൽകുന്ന ക്യാമറ യഥാസമയം ചിത്രങ്ങൾ പകർത്തി ലൈഫ് ഗാർഡ് ടീമിന് കൈമാറും. ഇത് സംഭവം വേഗത്തിൽ കണ്ടെത്താനും കൃത്യമായ അപകട സാധ്യതകൾ മനസിലാക്കി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അധികൃതരെ സഹായിക്കും.
സമഗ്രമായ നിയമ ചട്ടക്കൂടുകളുടെയും പരിശീലനം നേടിയ ലൈഫ് ഗാർഡുകളുടെയും പിന്തുണയിലായിരിക്കും ഇവയുടെ പ്രവർത്തനം. ഉമ്മു സുഖൈം 1 നൈറ്റ് ബീച്ച്, ജുമൈറ 3 നൈറ്റ് ബീച്ച്, ജുബൈ 1 നൈറ്റ് ബീച്ച്, ജുമൈറ 2 ബീച്ച്, അൽ മംസാർ ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളുടെ പിന്തുണയോടെ പദ്ധതി നടപ്പിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.