വർക്ക്​ പെർമിറ്റ്​ അപേക്ഷ പരിശോധിക്കാനും എ.ഐ

ദുബൈ: രാജ്യത്ത്​ വർക്ക്​ പെർമിറ്റിന്​ വേണ്ടിയുള്ള അപേക്ഷകൾ വിലയിരുത്താനും അംഗീകാരം നൽകാനും നിർമിത ബുദ്ധി (എ.ഐ), റോബോട്ടിക്​ അധിഷ്​ഠിത സംവിധാനം അവതരിപ്പിച്ച്​ യു.എ.ഇ. ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതെ അപേക്ഷാ നടപടിക്രമങ്ങൾ പൂർണമായും എ.ഐ, ഡിജിറ്റൽ സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും നടത്തുക.

മാനവ വിഭവ ശേഷി, സ്വദേശിവത്​കരണ മന്ത്രാലയവുമായി കൈകോർത്ത്​​ ഫെഡറൽ അതോറിറ്റി ഫോർ സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ.സി.പി) ആണ്​ പുതിയ സംവിധാനം അവതരിപ്പിച്ചത്​.

തൊഴിൽ വിപണിയിലെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും വിദഗ്​ധരായ പ്രതിഭകളെ ആകർഷിക്കുകയുമാണ്​ പദ്ധതിയുടെ ലക്ഷ്യം. മേയ്​ മുതൽ പുതിയ സംവിധാനം നടപ്പിലാക്കാനാണ്​ ഐ.സി.പിയുടെ തീരുമാനം. വർക്ക്​ പെർമിറ്റിന്​ അപേക്ഷിക്കുന്നവരെ കഴിവ്​, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അറിവ്​ എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിനായി​​ സ്മാർട്ട്​ അൽഗോരിതം​ ആണ്​ ഐ.സി.പി ഇനി മുതൽ ഉപയോഗിക്കുക. തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആധുനിക സമ്പദ്​വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ച്​ തൊഴിൽ ശക്​തിയുടെ ഗുണനിലവാരം ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വസ്തുനിഷ്ഠമായ വിലയിരുത്തൽ സംവിധാനമായിരിക്കും ഇതെന്ന്​ ഐ.സി.പി വ്യക്​തമാക്കി.

പൊതുമേഖലകളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം പ്രത്യേക നിയമ ചട്ടക്കൂട് കൊണ്ടുവരുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.

അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ സർക്കാറിന്‍റെ സേവനങ്ങളിൽ പകുതിയും ഏജന്‍റിക്​ എ.ഐയിലേക്ക്​ മാറ്റുകയാണ്​ ലക്ഷ്യം. ആദ്യ ഘട്ടം വിവിധ മന്ത്രാലയങ്ങൾ​, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്​ പദ്ധതി നടപ്പിലാക്കുകയെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കിയിരുന്നു.

ഇതിന്‍റെ ഭാഗമായാണ്​ ഐ.സി.പി തൊഴിൽ പെർമിറ്റ്​ അപേക്ഷകളുടെ വിലയിരുത്തലുകളും എ.ഐ, റോബോട്ടിക്​ സംവിധാനത്തിലേക്ക്​ മാറ്റുന്നത്​. മുൻവിധികളില്ലാതെ മെറിറ്റ്​ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ പുതിയ സംവിധാനത്തിന്​ കഴിയുമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - AI can also verify work permit applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.