ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് റെഡ് കാർപെറ്റിൽ നടപടി പൂർത്തിയാക്കുന്ന യാത്രക്കാർ
ദുബൈ: ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച ‘സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. പാസ്പോർട്ടോ ബോർഡിങ് പാസോ ഹാജരാക്കാതെ, ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനം 20 മുതൽ 30 ശതമാനംവരെ സമയം ലാഭിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
ജി.ഡി.ആർ.എഫ്.എ ദുബൈ എയർപോർട്സുമായി സഹകരിച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ പാസഞ്ചർ കോറിഡോർ അവതരിപ്പിച്ചത്. നിലവിലിത് ടെർമിനൽ 3ലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ലഭ്യമാകുന്നത്. എന്നാൽ, ഈയിടെ ടെർമിനൽ 3ൽ കൂടുതൽ യാത്രക്കാർക്ക് ലഭ്യമായിരിക്കുന്നു.
ബയോമെട്രിക് സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്. യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രക്ക് അനുമതി നൽകുകയും ചെയ്യും. പാസ്പോർട്ട്, ബോർഡിങ് പാസ് തുടങ്ങിയ യാത്രാരേഖകൾ കാണിക്കേണ്ടതില്ല. ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാനെടുക്കുന്നത്. ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗം ഇരട്ടിയാകുന്നുവെന്നും കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാനാകുന്നുവെന്നും അധികൃതർ പറഞ്ഞു.
ടെർമിനൽ 3ലെ വിജയകരമായ പരീക്ഷണങ്ങൾക്ക് പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
‘റെഡ് കാർപെറ്റ്’ എമിഗ്രേഷൻ പ്രക്രിയയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമാണെന്നും യാത്രക്കാർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ പ്രജക്ട് മാനേജ്മെന്റ് ഓഫിസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെയും കേന്ദ്രീകരിച്ച് പുതിയ തലമുറയുടെ സേവനങ്ങൾ ഒരുക്കുകയാണ് ജി.ഡി.ആർ.എഫ്.എ ദുബൈയെന്നും അവർ കൂട്ടിച്ചേർത്തു.നടപടി പൂർത്തിയാക്കുന്ന യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.