ദുബൈ: റോഡപകടങ്ങൾക്ക് വഴിയൊരുക്കുന്ന തരത്തിൽ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ് തടയുന്നതിനായി ദുബൈയിലെ റോഡുകളിൽ സ്മാർട്ട് റഡാർ സംവിധാനമൊരുങ്ങുന്നു. കാൽനടക്കാരുടെകൂടി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദുബൈ പൊലീസാണ് റോഡുകളിൽ നൂതനമായ നിരീക്ഷണ സംവിധാനമൊരുക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന സ്മാർട്ട് റഡാർ 4ജി ശൃംഖല വഴി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക.
എമിറേറ്റ്സ് റോഡുകളിലും ദേശീയ പാതകളിലും സ്മാർട്ട് ഉപകരണങ്ങൾ ദുബൈ പൊലീസ് സ്ഥാപിച്ചുതുടങ്ങി. പാതകളിലെ സുരക്ഷ വിലയിരുത്തുന്നതിനും മര്യാദയില്ലാതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനുമായി ഒരു സാങ്കേതിക സ്ഥാപനവുമായി സഹകരിച്ചാണ് സ്മാർട്ട് റഡാർ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ദുബൈ പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂഹി പറഞ്ഞു. റോഡ് സുരക്ഷ നിയന്ത്രിക്കുന്നതിനും റോഡുകളിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നതിനും റഡാർ സഹായിക്കും.
ഒപ്പം ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗം, ലൈൻ ട്രാഫിക് പാലിക്കാതെയുള്ള ഗതാഗതം, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അടിക്കടിയുള്ള ലൈൻ മാറ്റം, മറ്റു ട്രാഫിക് ലംഘനങ്ങൾ തുടങ്ങി അശ്രദ്ധയോടെയുള്ള എല്ലാ ഡ്രൈവിങ്ങുകളും കൃത്യമായി രേഖപ്പെടുത്താനും റഡാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ട്രാഫിക് സുരക്ഷയിലെ മുന്നേറ്റം, റോഡ് സുരക്ഷ സംബന്ധിച്ച് കൈവരിക്കുന്ന നേട്ടങ്ങൾ, റോഡപകടങ്ങൾ കുറയുന്നത് സംബന്ധിച്ച വിവരങ്ങൾ എന്നിവയും സ്മാർട്ട് റഡാർ വഴി വിലയിരുത്താനുള്ള ഡേറ്റകളും ലഭിക്കുമെന്നും ട്രാഫിക് വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.