അബുദാബി ജുഡീഷ്യൽ വകുപ്പിന്റെയും അബുദാബി ഇസ്ലാമിക് ബാങ്കിന്റെയും ഉദ്യോഗസ്ഥർ കരാർ ഒപ്പിടൽ ചടങ്ങിൽ
അബൂദബി: കോടതി വ്യവഹാരങ്ങളില്‍ ഇടപെടുമ്പോള്‍ നല്‍കേണ്ട ഫീസ് അടക്കാന്‍ സ്മാര്‍ട്ട് സേവനം ഒരുക്കി അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെന്‍റ് (എ.ഡി.ജെ.ഡി). അബൂദബി ഇസ്‍ലാമിക് ബാങ്കിന്‍റെ (എ.ഡി.ഐ.ബി) സഹകരണത്തോടെ സ്മാര്‍ട്ട് ആപ്പിലൂടെ ഇനി ഫീസടക്കാം. കോടതി നടപടികള്‍ക്കായി വ്യക്തികള്‍ക്ക് എ.ഡി.ഐ.ബി അക്കൗണ്ടില്‍നിന്ന് നേരിട്ട് കോടതിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാം. ഫീസ് അടക്കാന്‍ സ്മാര്‍ട്ട് സംവിധാനംകൂടി സജ്ജമായതോടെ കോടതി നടപടികള്‍ മുഴുവന്‍ ഓണ്‍ലൈന്‍ വഴിയാകുമെന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെന്‍റ് അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. കൂടുതല്‍ ബാങ്കുകളെ ഉള്‍പ്പെടുത്തി സേവനം വിപുലപ്പെടുത്തും. പുതിയ സേവനത്തിലൂടെ സമയവും കോടതി ജീവനക്കാരുടെ ജോലിഭാരവും കുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിത ബുദ്ധിയിലൂടെ എമിറേറ്റിലെ ക്രിമിനല്‍ കോടതികളിലെ കേസുകളുടെ വേഗത കൂട്ടാന്‍ സ്മാര്‍ട്ട് പദ്ധതി അബൂദബി ജൂഡീഷ്യല്‍ വകുപ്പ് അടുത്തിടെ നടപ്പാക്കിയിരുന്നു. ഇലക്ട്രോണിക് വിധി പ്രസ്താവങ്ങള്‍ അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാണ്. ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കുകയെന്ന രാഷ്ട്രനേതാക്കളുടെ കാഴ്ചപ്പാടിലാണ് നവീനമായ പദ്ധതി നീതിന്യായ വകുപ്പില്‍ നടപ്പാക്കുന്നത്. നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ ഈ പദ്ധതിയിലൂടെ വകുപ്പിലെ കേസുകളുടെ ഫോളോഅപ് ലളിതവും വേഗമാര്‍ന്നതും ആകും.
തീര്‍പ്പായ കേസുകള്‍, നടന്നുകൊണ്ടിരിക്കുന്ന കേസുകള്‍, മുടങ്ങിക്കിടക്കുന്ന കേസുകള്‍ തുടങ്ങിയ വിവരങ്ങള്‍ നിര്‍മിതബുദ്ധി സംവിധാനത്തിലൂടെ അതിവേഗം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വിധിപ്രസ്താവം വിശദീകരിക്കല്‍, പ്രതിയുടെ പേരും കുറ്റകൃത്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിധിപ്രസ്താവ സമയത്ത് കൈമാറല്‍ തുടങ്ങിയ സേവനങ്ങളും നിര്‍മിത ബുദ്ധി സംവിധാനം പ്രദാനം ചെയ്യുന്നുണ്ട്. വിവിധ കോടതികളിലെ കേസുകള്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ വിശകലനം ചെയ്താണ് സംവിധാനം വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.