അഷ്ദോദ് തുറമുഖത്തെത്തിയ കപ്പലിൽ നിന്ന് സഹായവസ്തുക്കൾ പുറത്തിറക്കുന്നു
ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യു.എ.ഇയുടെ കപ്പൽ അഷ്ദോദ് തുറമുഖത്തെത്തി. യു.എ.ഇ പ്രഖ്യാപിച്ച ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് 2,500ടൺ വസ്തുക്കളുമായി കപ്പൽ നങ്കൂരമിട്ടത്. ആയിരക്കണക്കിന് സാധാരണക്കാർക്കായി ഗസ്സയിൽ വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവയടക്കം ആവശ്യ വസ്തുക്കർ ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടൽ. ഭക്ഷ്യക്കിറ്റുകൾ, മാവ്, ഈത്തപ്പഴം, പാൽ, ചായപ്പൊടി എന്നിങ്ങനെ വസ്തുക്കൾ ഇതിലുണ്ട്.
അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ ആശുപത്രികളിലേക്ക് യു.എ.ഇ 12 ടൺ മരുന്നുകൾ എത്തിച്ചു. റാസൽഖൈമയിലെ ജുൾഫാർ ഫാർമസ്യൂട്ടിക്കൽസ് ആണ് ഇത്രയും മരുന്നുകൾ ഗസയിലെത്തിച്ചത്. ഗസ്സക്കായി യു.എ.ഇ തുടരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയാണ് മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വലയുന്ന ഗസ്സയിലെ ആശുപത്രിയിലേക്ക് 12 ടൺ മരുന്നുകൾ എത്തിച്ചത്. ഇസ്രായേൽ ബോംബിട്ട് തകർത്ത ഗസ്സയുടെ ആരോഗ്യമേഖലക്ക് കൈത്താങ്ങാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും പരിക്കേറ്റവരുടെ ചർമ ചികിൽസക്ക് ആവശ്യമായ മരുന്നുകളും ഗസ്സയിലേക്ക് അയച്ചത്. യു.എ.ഇ ഗസ്സയിലെ ജനതക്കൊപ്പമാണെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ ഉദ്യമമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2023 നവംബറിൽ പ്രഖ്യാപിച്ച ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി ഇതിനകം നിരവധി കപ്പലുകളിലായി ഫലസ്തീൻ ജനതക്ക് യു.എ.ഇ സഹായം എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.