ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ഹൈസ്കൂൾതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിദ്യാർഥികളുടെ പേരെടുത്ത് പറഞ്ഞാണ് ‘എക്സ്’ അക്കൗണ്ടിൽ അഭിനന്ദന കുറിപ്പ് പങ്കുവെച്ചത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ വിദ്യാർഥികളാണ് മികച്ച വിജയം കൈവരിച്ചിട്ടുള്ളത്.
പൊതുവിദ്യാലയങ്ങളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളെ പ്രത്യേകമായി അഭിനന്ദിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ ഹൈസ്കൂൾ വിദ്യാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും മാതാപിതാക്കളെയും അഭിനന്ദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങൾ അവരോട് പറയുന്നു, മക്കളെ സ്നേഹിക്കുകയും അവരിൽ ആനന്ദിക്കുകയും ചെയ്യുന്ന മഹത്തായ രാജ്യത്ത് നിങ്ങൾക്ക് ഒരു ശോഭനമായ ഭാവി കാത്തിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രൂപപ്പെടുത്തിയതാണ് രാജ്യത്തിന്റെ ഭാവിയെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്റെയും ശൈഖ മർയം ബിൻത് മുഹമ്മദ് ബിൻ സായിദിനെയും എജുക്കേഷൻ കൗൺസിലിലെ പ്രവർത്തനങ്ങളെയും പ്രത്യേകം പരാമർശിച്ചു.
രാജ്യത്തെ എല്ലാ അധ്യാപകരെയും ഭരണാധികാരികളെയും അധ്യാപകരെയും പ്രശംസിച്ച അദ്ദേഹം, എല്ലാവർക്കും സന്തോഷകരവും വിശ്രമകരവുമായ വേനൽക്കാല അവധി ആശംസിക്കുകയും ചെയ്തു. യു.എ.ഇയിലെ സ്കൂളുകളിൽ വേനലവധി ആരംഭിച്ചിരിക്കുകയാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേനലവധിക്കാലത്ത് വിദ്യാർഥികൾക്കായി നിരവധി പരിപാടികൾ അധികൃതർ രാജ്യമെമ്പാടും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.