ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ഫൈസർ വാക്സിൻ സ്വീകരിക്കുന്നു
ദുബൈ: ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് കോവിഡ് പ്രതിരോധ ഫൈസർ-ബയോടെക് വാക്സിൻ സ്വീകരിച്ചു. രാജകുടുംബത്തിൽനിന്ന് ആദ്യമായി ഫൈസർ വാക്സിൻ സ്വീകരിച്ച വ്യക്തിയെന്ന നേട്ടം ശൈഖ് മൻസൂറിന് ഇനി സ്വന്തം. 'ഫൈസർ-ബയോടെക് വാക്സിനേഷൻ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ദുബൈ ഹെൽത്ത് അതോറിറ്റിക്ക് നന്ദി. പൂർണമായ അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും തുടരുന്ന ഞങ്ങളുടെ പ്രതിരോധ നായകന്മാരുടെ ആദ്യനിരക്ക് ഒരിക്കൽക്കൂടി നന്ദി -വാക്സിൻ സ്വീകരിച്ച ശേഷം ശൈഖ് മൻസൂർ പറഞ്ഞു.
അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനുശേഷം ചൈനയിലെ സിനോഫാർ വാക്സിൻ സെപ്റ്റംബറിൽ ശൈഖ് മൻസൂറിെൻറ പിതാവ് കൂടിയായ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വീകരിച്ചിരുന്നു.കമ്യൂണിറ്റിയുടെ ആരോഗ്യം, സുരക്ഷ, സുരക്ഷ എന്നിവക്ക് എല്ലായ്പ്പോഴും മുൻഗണന നൽകുന്ന യു.എ.ഇയിൽ ഡിസംബർ 23നാണ് ഫൈസർ വാക്സിൻ കാമ്പയിൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പൗരന്മാരായ വയോജനങ്ങളും കോവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളുമാണ് വാക്സിൻ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ എല്ലാ ജീവനക്കാർക്കും പ്രതിരോധ വാക്സിൻ ഉറപ്പുവരുത്തുമെന്നും അതിനായി അവരെ ക്ഷണിക്കുമെന്നും പ്രചാരണ സമിതി ചെയർപേഴ്സൻ ഫരീദ അൽ ഖാജ വ്യക്തമാക്കി. 2021 അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ഫൈസർ-ബയോടെക് വൈസർ കുത്തിവെക്കാനാണ് ദുബൈ പദ്ധതിയിടുന്നതെന്ന് ഫരീദ അൽ ഖാജ വ്യക്തമാക്കി.
ആർജിത പ്രതിരോധ ശേഷി ഉറപ്പുവരുത്തി പകർച്ചവ്യാധികളെ നേരിടുന്നതിനായി സാമൂഹിക പ്രതിരോധ ശേഷി ഉയർത്തുകയാണ് ലക്ഷ്യം. ഏപ്രിൽ മാസത്തിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ സ്വീകരിക്കാനുള്ള അവസരമാണൊരുക്കുന്നത്. യു.എ.ഇയിലെ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 125 രാജ്യങ്ങളിൽനിന്നുള്ള 31,000ൽപരം വളൻറിയർമാരാണ് പങ്കാളികളായത്. സബീൽ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അൽ മിഷാർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, നാദ് അൽ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, ബാർഷ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അപ്ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെൻറർ, ഹത്ത ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ആറ് ഡി.എച്ച്.എ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്.
യു.എ.ഇ നിവാസികൾക്ക് ഡി.എച്ച്.എ ആപ് അല്ലെങ്കിൽ ഡി.എച്ച്.എയുടെ ടോൾ ഫ്രീ നമ്പർ 800 342 വഴി വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാം. വാക്സിനേഷൻ ലഭിച്ചതിനുശേഷവും മുൻകരുതൽ നടപടികൾ തുടർന്നും നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം ഡി.എച്ച്.എ ആവർത്തിച്ചു. കോവിഡ് മഹാമാരി തടയാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ നടപടികൾ നിരന്തരം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.