ദുബൈ: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രധാന്യം നൽകി ‘മുഅദ്ദിൻ അൽ ഫരീജ്’ പദ്ധതിയുടെ രണ്ടാം സീസണിന് തുടക്കമായി. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി യുവതലമുറയിൽ ദേശീയ സ്വത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബൈയിലെ എല്ലാ വീടുകളിലും ഖുർആനിന്റെ പകർപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനും മതപരമായ അവബോധം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘എല്ലാ വീട്ടിലും ഖുർആൻ’ കാമ്പയിനിന്റെ പ്രഖ്യാപനവും ശൈഖ് ഹംദാൻ നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി ദുബൈയിലെ വിവിധ പള്ളികളിൽനിന്ന് ഖുർആൻ കോപ്പികൾ വിതരണം ചെയ്യും. ധാരാളം വിശ്വാസികൾ പ്രാർഥനക്കെത്തുന്ന പള്ളികളിലാണ് പ്രധാനമായും വിതരണം നടക്കുക. ആഴ്ചകൾക്കകം റമദാൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പദ്ധതി നടപ്പാക്കുന്നത്. റമദാനിൽ ഖുർആൻ പാരായണം ചെയ്യാനും ജീവിതത്തൽ അത് പ്രതിഫലിപ്പിക്കാനും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളെ ബാങ്ക് വിളിക്കാൻ പരിശീലനം നൽകുന്ന മുഅദ്ദിൻ അൽ ഫരീജ് എന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ദുബൈയിൽ ആദ്യമായി നടപ്പാക്കിയത്. പദ്ധതിയുടെ രണ്ടാം സീസണിൽ പരിശീലനം നൽകുന്ന പള്ളികളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും.
മസ്ജിദുകളുമായുള്ള കുട്ടികളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുക, സമൂഹത്തിൽ ഇടപഴകാൻ അവസരമൊരുക്കുക, അവരുടെ ആത്മീയ വളർച്ചക്ക് സഹായിക്കുക എന്നിവയാണ് സംരംഭത്തിന്റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.