ഷാർജ: ഐക്യരാഷ്ട്ര സഭയുടെ മാതൃകയിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ച് ശ്രദ്ധനേടി ഷാർജ പേസ് ഇന്റർനാഷനൽ സ്കൂൾ. കോൺഫ്ലിക്ട് ടു കോൺസെൻസസ് (വാഗ്വാദങ്ങളിൽ നിന്നും സംയമനത്തിലേക്ക്) എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി 55 സ്കൂളുകളിൽ നിന്നുള്ള 240 വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു. പൂർണമായും സൗജന്യമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ പ്രധാന കമ്മിറ്റികളായ ജനറൽ അസംബ്ലി, യുനൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ഡ്രഗ് ആൻഡ് ക്രൈം, സെക്യൂരിറ്റി കൗൺസിൽ തുടങ്ങി ആറോളം കമ്മിറ്റികളിലായി നയതന്ത്ര ചർച്ചകളിൽ വിദ്യാർഥി പ്രതിനിധികൾ ഏർപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിൽ അമേരിക്കൻ യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രഫ. ഡോക്ടർ ഖാലിദ് അൽ കാസ്സിമി പങ്കെടുത്തു. യഥാർഥ ഐക്യരാഷ്ട്രസഭയെ അനുകരിക്കുന്ന രീതിയിൽ നടത്തപ്പെടുന്ന മോഡൽ യുനൈറ്റഡ് നേഷൻസ് വിദ്യാർഥികൾക്കിടയിൽ ആനുകാലിക നയതന്ത്ര മേഖലകളിലെ അറിവ് ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്കൂളുകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ സീനിയർ സൂപ്പർവൈസർ നജീബ മൈലാഞ്ചിക്കലിന്റെയും പേസ് എം.യു.എൻ ക്ലബിന്റെയും നേതൃത്വത്തിലാണ് വിജയകരമായി രണ്ടു ദിവസത്തെ മോഡൽ ഐക്യരാഷ്ടസഭ സമ്മേളനം
നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.