ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് കെ.ജി പ്രവേശനത്തിന് കുട്ടികളെ തെരഞ്ഞെടുക്കാൻ നറുക്കെടുക്കുന്നു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനുകീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് കെ.ജി പ്രവേശനത്തിനുള്ള അപേക്ഷകർ വർധിച്ച സാഹചര്യത്തിൽ സ്കൂൾ മാനേജ്മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർഥികളെ തെരഞ്ഞെടുത്തു. 1578 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.
പ്രവേശനാനുമതി 952 വിദ്യാർഥികൾക്കായിരുന്നു. അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്സറിയിൽ നിന്നുള്ള കുട്ടികൾക്കും സിബ്ലിങ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ) കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവുവരുന്ന 100 സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിലൂടെ 50 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തെരഞ്ഞെടുത്തത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന് തുടക്കം കുറിച്ചത്.
സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കുകയാണ് പതിവ്. ഇരട്ടക്കുട്ടികളായവരിൽ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടുപേർക്കും പ്രവേശന അനുമതി ലഭിച്ചിരുന്നു. ഇരട്ടക്കുട്ടികളിൽ രണ്ടുപേർക്കും നറുക്കെടുപ്പിലൂടെ അവസരം കിട്ടി. രാവിലെ തന്നെ രക്ഷിതാക്കൾ ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജന. സെക്രട്ടറി ശ്രീപ്രകാശ്, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന, അനീസ് റഹ്മാൻ, യൂസഫ് സഗീർ, സജി മണപ്പാറ, ജെ.എസ്. ജേക്കബ്, നസീർ കുനിയിൽ എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് പൂർത്തിയാക്കിയത്. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസ്റുദ്ദീൻ, കെ.ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ, കെ.ജി ടു സൂപ്പർവൈസർ മലിഹാ ജുനൈദി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.