ഷാർജ: പ്രവാസി കുടുംബങ്ങൾക്കിടയിൽ ആത്മഹത്യക്കെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബ തർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐ.എ.എസ്). ആഗസ്റ്റ് രണ്ട് മുതൽ സമിതി പ്രവർത്തനം തുടങ്ങും.
എല്ലാ ശനിയാഴ്ചയും ഇന്ത്യൻ അസോസിയേഷൻ ഓഫിസ് പരിസരത്ത് സമിതി സിറ്റിങ് നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അറിയിച്ചു. കുടുംബങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ബുധനാഴ്ച ഐ.എ.എസ് ഓഫിസിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല’ എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന സംരംഭത്തിലൂടെ കുടുംബങ്ങൾക്കിടയിൽ ബോധവത്കരണം ഉൾപ്പെടെയുളള പരിപാടികളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഷാർജ പൊലീസിന്റെ സഹകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കമ്യൂണിറ്റി പ്രിവന്‍റീവ് ആൻഡ് പ്രിവൻഷൻ ഡിപാർട്ട്മെന്റുമായി ഐ.എ.എസിലെ മുതിർന്ന അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
മേജർ നസീർ ബിൻ അഹമ്മദ്, ക്യാപ്റ്റൻ ഗാനിം ഇസ, ഇൻസ്പെക്ടർ അവദ് മുഹമ്മദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആത്മഹത്യകൾ, കുടുംബ തർക്കങ്ങൾ, ഗാർഹിക പീഢനം തുടങ്ങിയ വിഷയങ്ങൾ പ്രവാസി കുടുംബങ്ങളിൽ വ്യാപകമാവുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് ഐ.എ.എസ് നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.