ഷാര്‍ജ ഖാലിദ് തുറമുഖത്ത്  ചരക്ക് കപ്പലിന് തീപിടിച്ചു

ഷാര്‍ജ: ഷാര്‍ജ ഖാലിദ് തുറമുഖത്ത് ശനിയാഴ്ച ചെറിയ ചരക്ക് കപ്പലിന് തീപിടിച്ചു. വൈകീട്ട് 6.30നായിരുന്നു അപകടം. നിറയെ ചരക്കുമായി പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന കപ്പലാണ് കത്തിയത്. ഇതില്‍ നിരവധി ജോലിക്കാരുണ്ടായിരുന്നുവെങ്കിലും ഇവര്‍ അപകടം കണ്ട ഉടനെ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

തുറമുഖ സംരക്ഷ വിഭാഗം സുരക്ഷാ ബോട്ടുകളില്‍ വെള്ളത്തില്‍ ചാടിയവരുടെ രക്ഷക്കത്തെിയതും തുണയായി. തീപിടിത്തം നടന്ന ഉടനെ  സിവില്‍ഡിഫന്‍സ്, പൊലീസ്, തീരസംരക്ഷണ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിനെത്തി. എന്നാല്‍ ഘോര ശബ്ദത്തോടെ കപ്പലിലുണ്ടായിരുന്ന സാധന-സാമഗ്രികള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ അടുക്കാന്‍ പറ്റാത്ത സ്ഥിതിയായി. തൊട്ടടുത്ത് നങ്കുരമിട്ട ചരക്ക് കപ്പലുകള്‍ പെട്ടെന്ന് മാറ്റിയത് ഗുണമായി.

 ചരക്ക് കപ്പലുകള്‍ക്ക് പുറമെ കടത്ത് ബോട്ടുകളും നിരവധി ഉണ്ടായിരുന്നു. ചില കടത്തോടങ്ങള്‍ കടലിടുക്കി​െൻറ മധ്യത്തില്‍ എത്തിയപ്പോളാണ് കപ്പല്‍ കത്താന്‍ തുടങ്ങിയത്. ഇവ പെട്ടെന്ന് കരക്ക് അടുപ്പിക്കുകയായിരുന്നുവെന്ന് അബ്രയില്‍ പ്രവർത്തിക്കുന്ന ബംഗ്ലാദേശി പറഞ്ഞു. വന്‍നാശനഷ്ടമാണ് കണക്കാക്കുന്നത്.  ഖാലിദ് തുറമുഖത്ത് നിന്ന് ഇറാനിലേക്ക് പോകുകയായിരുന്ന കപ്പലാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അപകടത്തെ കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തീ അണച്ചതിന് ശേഷം ഫോറന്‍സിക് പരിശോധന നടന്നാലെ അപകടത്തി​െൻറ യഥാര്‍ഥ കാരണം അറിവാകുകയുള്ളു.  

തീപിടിത്തത്തെ തുടര്‍ന്ന് തുറമുഖമാകെ പുകമൂടി. വളരെ ദൂരേക്ക് പോലും പുകയും തീയും കാണാമായിരുന്നുവെന്ന് പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഷാര്‍ജ കോര്‍ണീഷ് റോഡ് പൊലീസ് താത്ക്കാലികമായി അടച്ചു. ഷാര്‍ജ പൈതൃകോത്സവത്തിന്‍െറ സമാപന ദിവസം അയത് കാരണം നിരവധി പേരാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ഖാലിദ് കടലിടുക്കി​െൻറ ഒരു ഭാഗത്ത് തുറമുഖവും മറുഭാഗത്ത് പരമ്പരാഗത ഗ്രാമവുമാണ്. അവധിയായത് കാരണം നിരവധി പേരാണ് കോര്‍ണിഷില്‍ ഉണ്ടായിരുന്നത്.  ശക്തമായ പുക കാരണം കച്ചവട നഗരമായ റോള പ്രദേശത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് ഇവിടെ എത്തിയവര്‍ പറഞ്ഞു. കപ്പല്‍ കത്തുന്നത് കണ്ട് കോര്‍ണീഷില്‍ നിന്നിരുന്നവരെ പൊലീസ് ഒഴിവാക്കി. പ്രദേശത്ത് ശക്തമായ പൊലീസ് നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    
News Summary - sharajah fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.