അബൂദബി: എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്വകാര്യ മേഖലയിൽ പുതുതായി ഏഴ് നഴ്സറികൾക്കും രണ്ട് സ്കൂളുകൾക്കും കൂടി സൈലൻസ് അനുവദിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇതോടെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സറികളുടെ എണ്ണം 233ഉും സ്വകാര്യ സ്കൂളുകളുടെ എണ്ണം 220 ആയും വർധിക്കും. പുതിയ നഴ്സറി, സ്കൂളുകൾ തുറക്കുന്നതോടെ 4,539 സീറ്റുകളിൽകൂടി വിദ്യാർഥികൾക്ക് പ്രവേശനം സാധ്യമാകും. എമിറേറ്റിലെ ജനസംഖ്യ വർധനവിന് അനുസരിച്ച് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വർധിച്ചുവരുന്ന ആവശ്യകതയെ അഭിമുഖീകരിക്കുകയാണ് കൂടുതൽ വിദ്യാലയങ്ങൾക്ക് അനുമതി നൽകുന്നതിലൂടെ അഡെക് ലക്ഷ്യമിടുന്നത്.
അബൂദബി അൽ റീം ഐലന്റിലെ ചബ്ബി ചീക്സ് നഴ്സറി, മദീനത്ത് സായിദിലെ കിഡ്സ് ഫാന്റസി നഴ്സറി, ഖലീഫ സിറ്റിയിൽ അഫ്ലജ് നഴ്സറി, അൽ ഹിസ്നലിലെ ബെയ്നൗന നഴ്സറി, അൽ ബതീനിലെ കിഡ്സ് അക്കാദമി നഴ്സറി, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ റെഡ്വുഡ് നഴ്സറി, യാസ് ഐലന്റിലെ റെഡ്വുഡ് നഴ്സറി എന്നീ നഴ്സറികൾക്കാണ് ലൈസൻസ് അനുവദിച്ചത്. അൽ ഐൻ ശിഹാബ് അൽ അശ്കറിലെ പ്രീമിയം ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂൾ, അബൂദബിയിലെ ഖലീഫ സിറ്റിയിലുള്ള യാസ്മിന അമേരിക്കൻ സ്കൂൾ എന്നിവയാണ് ലൈസൻസ് നേടിയ സ്കൂളുകൾ. പുതുതായി രണ്ട് സ്കൂളുകൾ കൂടി തുറക്കുന്നതോടെ സ്വകാര്യ മേഖലയിൽ 3,610 സീറ്റുകൾകൂടി വർധിക്കും. എമിറേറ്റിലെ വിദ്യാർഥികൾക്ക് അക്കാദമിക മികവും വ്യക്തിത്വ വികസനവും ഒരുപോലെ പരിപോഷിപ്പിക്കാൻ കഴിയും വിധത്തിൽ വ്യത്യസ്ത പാഠ്യപദ്ധതിയാണ് സ്കൂളുകൾ വാഗ്ദാനം ചെയ്യുന്നത്. അഡെകിന്റെ പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിൽ ആഗോള കേന്ദ്രമെന്ന എമിറേറ്റിന്റെ പദവി കൂടുതൽ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വൈവിധ്യവും തുടർച്ചയായി വിപുലീകരിച്ച് കൊണ്ട് വിത്യസ്തവും ഉയർന്ന ഗുണനിലവാരമുള്ളതുമായ പഠനാനുഭവം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.