ദുബൈ: സംഘർഷം ആരംഭിച്ച് 24ാം ദിനമായ തിങ്കളാഴ്ച യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം 7 ബാലിസ്റ്റിക് മിസൈലുകളും 16 ഡ്രോണുകളും തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ 352 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,789 ഡ്രോണുകളും നേരിട്ടതായി അധികൃതർ വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് വിവിധ സംഭവങ്ങളിലായി ആകെ പരിക്കേറ്റവരുടെ എണ്ണം 161ആയി. തിങ്കളാഴ്ച അബൂദബിയിൽ മിസൈൽ ചീളുകൾ വീണ് ഇന്ത്യക്കാരന് പരിക്കേറ്റിരുന്നു. അൽ ശവാമിഖ് പ്രദേശത്താണ് വിജയകരമായ മിസൈൽ വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ചത്. ചെറിയ പരിക്കാണ് സംഭവിച്ചതെന്ന് അബൂദബി മീഡിയ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ വിവിധ സംഭവങ്ങളിലായി രാജ്യത്ത് ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 8പേരാണ്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്നും, രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.